റിയാദ്: നായ്ക്കുട്ടിയെ വാലില്‍ തൂക്കി റോഡില്‍ അടിച്ചു ക്രൂരത നടത്തിയ യുവാവ് അറസ്റ്റിൽ. തലസ്ഥാന നഗരിയിലെ ലെബൻ ഡിസ്ട്രിക്ടിലാണ് യുവാവ് നായ്ക്കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാറിൽ നായ്ക്കുട്ടിയെയുമായി എത്തിയ യുവാവ് റോഡിൽ കാർ നിർത്തി നായ്ക്കുട്ടിയെ വാലിൽ തൂക്കിയെടുത്ത് റോഡിൽ അടിക്കുകയും ചെരിപ്പ് ഊരി തലങ്ങും വിലങ്ങും അടിക്കുകയുമായിരുന്നു. ശേഷം നായ്ക്കുട്ടിയെ വാലിൽ തൂക്കിയെടുത്താണ് പോയത്.

ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സമീപത്തെ കെട്ടിടത്തിലെ താമസക്കാരിൽ ഒരാളാണ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി റഹ്മ സൊസൈറ്റി ഫോർ അനിമൽ വെൽഫെയർ രംഗത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.




