റിയാദ്: വ്യോമയാന മേഖലയിൽ വിപ്ലവം തീർക്കാൻ പദ്ധതികൾ തയ്യാറാക്കി സഊദി അറേബ്യ. 2030 ഓടെ ഈ മേഖലയിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപമുള്ള ആഗോള വ്യോമയാന കേന്ദ്രമാകാനും റിയാദിൽ പുതിയതും അതി വിശാലവുമായ ഒരു വിമാനത്താവളവും നിർമ്മിക്കാനുമാണ് സഊദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി വെളിപ്പെടുത്തി. സ്വകാര്യമേഖലയുമായി സഹകരിച്ച് 4 വിമാനത്താവളങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി മറ്റ് 8 വിമാനത്താവളങ്ങളും സ്ഥാപിക്കുമെന്നും ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി എഞ്ചിനീയർ സാലിഹ് അൽ ജാസർ സൂചിപ്പിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതിനെല്ലാം പുറമെ, വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ ദേശീയ വിമാന കമ്പനിയും സഊദി അറേബ്യ ആരംഭിക്കുന്നുണ്ട്. ലോകത്തെ 250 ലധികം ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് ശേഷി ഇരട്ടിയാക്കാനും 330 ദശലക്ഷം യാത്രക്കാരെ എത്തിക്കാനും 4.5 ദശലക്ഷം ടൺ ചരക്ക് എത്തിക്കാനുമാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ തന്ത്രപരമായ കാഴ്ചപ്പാട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
2022 മെയ് 9 മുതൽ 11 വരെ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ സഊദി അറേബ്യ, “ദ ഫ്യൂച്ചർ ഓഫ് ഏവിയേഷൻ കോൺഫറൻസ്” എന്ന ലേബലിൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കോൺഫറൻസിന് ആതിഥേയത്വം വഹിക്കും. അന്താരാഷ്ട്ര വ്യോമഗതാഗത സിഇഒമാർക്ക് പുറമെ ലോകമെമ്പാടുമുള്ള സിവിൽ ഏവിയേഷൻ മേഖലയിലെ പ്രതിഭകളും കമ്പനികളും വ്യവസായികളും പങ്കെടുക്കും. 3 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 40 സെഷനുകളിലായി 120 ലധികം പ്രാസംഗികർ ഭാവി പര്യവേക്ഷണം ചെയ്യുന്നതിനായി ഇവിടെ ഒത്തു ചേരും.




