ബലാത്സംഗം, മയക്കു മരുന്ന്, ബാല പീഡനം: സഊദിയിൽ ഇന്ന് പ്രവാസി ഉൾപ്പെടെ നാല് പേരെ വധശിക്ഷക്ക് വിധേയരാക്കി

0
2490

റിയാദ്: സ്ത്രീകളെ ബലാത്സംഗം ചെയ്യൽ, ബാല പീഡനം, മയക്കു മരുന്ന് എന്നീ കേസുകളിൽ സഊദിയിൽ ഇന്ന് നാല് പേരെ വധശിക്ഷക്ക് വിധേയരാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കിഴക്കൻ സഊദിയിലെ ദമാം, മക്ക എന്നിവിടങ്ങളിലാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്ന് സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി അസഭ്യം പറയുക, അവരുടെ കൈവശമുള്ളത് മോഷ്ടിക്കുക, ബലാത്സഗം ചെയ്യുക എന്നിവ നടത്തിയ സിയാദ് ബിൻ അഹമ്മദ് ബിൻ ലാഫി അൽ ഹർബി എന്ന സഊദി പൗരനെയാണ് മക്കയിൽ ശിക്ഷക്ക് വിധേയനാക്കിയത്. മറ്റൊരാളുടെ കാറില്‍ തന്റെ കാര്‍ ഉപയോഗിച്ച് കരുതിക്കൂട്ടി കൂട്ടിയിടിച്ച് പണവും മൊബൈല്‍ ഫോണും പിടിച്ചുപറിക്കുകയും ഹഷീഷും ലഹരി ഗുളികകളും ഉപയോഗിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ട്.

മറ്റൊരു കേസിൽ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്ത വിദേശിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടു ബാലന്മാരെ അനുനയത്തില്‍ തന്റെ കെണിയില്‍ വീഴ്ത്തുകയും ചെയ്ത ഇസ്‌ലാം മുഹമ്മദ് അബുല്‍ഫത്തൂഹ് മഹമൂദ് എന്ന ഈജിപ്ഷ്യൻ പൗരനെയാണ് കിഴക്കന്‍ പ്രവിശ്യയിലെ ദമാമിൽ വെച്ച് വധശിക്ഷക്ക് വിധേയനാക്കിയത്.

കൂടാതെ, മൂന്നാമത്തെ കേസിൽ രണ്ട് പ്രതികളുടെ വധശിക്ഷയും ദമാമിൽ ഇന്ന് നടപ്പാക്കി. ബലാത്സംഗം ചെയ്യുകയും മറ്റുള്ളവരുമായി ചേര്‍ന്ന് വീടുകളില്‍ കവര്‍ച്ചകള്‍ നടത്തുകയും ഹെറോയിനും ഹഷീഷും ഉപയോഗിക്കുകയും ചെയ്ത കേസിലെ പ്രതികളായ സഊദി പൗരന്മാരായ ബന്ദര്‍ ബിന്‍ ഫൗസി അല്‍ദോസരി, അബ്ദുല്ല ബിന്‍ സഅദ് റബീഅ എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നാല് പ്രതികൾക്കെതിരെയുമുള്ള കേസുകളിലും അന്വേഷണം പൂർത്തിയാക്കുകയും പൂർണ തെളിവുകൾ സഹിതം ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവർക്കെതിരെ പ്രാഥമിക കോടതി വിധി അപ്പീൽ, സുപ്രീം കോടതികൾ അംഗീകരിക്കുകയും രാജകൽപ്പന ലഭിക്കുകയും ചെയ്തതോടെയാണ് ശിക്ഷകൾ നടപ്പാക്കിയത്.