റിയാദ്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സഊദി, സഊദി ഇതര ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നൽകേണ്ടതിന്റെ ആവശ്യകത മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഊന്നിപ്പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടാൽ ഓരോ ജീവനക്കാരനും 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മെഡിക്കൽ ഇൻഷുറൻസ് കവറേജ് ഇല്ലാത്ത ജീവനക്കാരുടെ വിവരങ്ങൾ കണ്ടെത്തുന്നതിനും ഇലക്ട്രോണിക് രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമായി ഹെൽത്ത് ഇൻഷുറൻസ് കൗൺസിലുമായി ചേർന്ന് മന്ത്രാലയം പ്രത്യേക പദ്ധതികൾക്ക് രൂപം നൽകി വരികയാണ്. സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിൽ പരാജയപ്പെടുന്നത് തൊഴിലുടമയുടെ ലംഘനമായി കണക്കാക്കുകയും മെഡിക്കൽ ഇൻഷുറൻസ് ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്യുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-ഇക്തിസാദിയ പത്രം റിപ്പോർട്ട് ചെയ്തു. പറയുന്നത്.
51 ൽ അധികം തൊഴിലാളികളുള്ള എ വിഭാഗത്തിൽ പെട്ട കമ്പനികളും സ്ഥാപനങ്ങളും ഇൻഷുറൻസ് ഇല്ലാത്ത ഓരോ തൊഴിലാളിക്കും പരമാവധി 20,000 റിയാൽ വരെ പിഴ അടയ്‌ക്കേണ്ടി വരും. ബി വിഭാഗത്തിൽ പെട്ട 11 നും 50 നും ഇടയിൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളിക്ക് പരമാവധി പിഴ 5,000 റിയാൽ ആയിരിക്കും. സി വിഭാഗത്തിൽ പെട്ട പത്തോ അതിൽ താഴെയോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഓരോ തൊഴിലാളിക്കും 2,000 റിയാൽ വീതവുമായിരിക്കും പിഴ ഈടാക്കുക.
ഫീൽഡ്, ഓഫീസ് മോണിറ്ററിംഗ് സന്ദർശനങ്ങളിലൂടെ ലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ കോൾ സെന്റർ വഴിയോ തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും പരാതികളും കൈകാര്യം ചെയ്യുന്നതിനായി സമർപ്പിച്ചിരിക്കുന്ന “ടുഗെദർ ഫോർ മോണിറ്ററിംഗ്” ആപ്ലിക്കേഷൻ വഴിയോ ലഭിക്കുന്ന റിപ്പോർട്ടുകൾ ഉടൻ കൈകാര്യം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് മൊത്തം 10,070,879 പേർ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1,500,220 സഊദികളും 5,067,514 വിദേശികളും ഉൾപ്പെടെ 6,567,734 ജീവനക്കാർ, 2,146,090 സഊദി ആശ്രിതരും 1,357,055 സഊദി ഇതര ആശ്രിതരും എന്നിങ്ങനെയാണ് കണക്കുകൾ.




