സഊദിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗുരുതര കൊവിഡ് രോഗികൾ 383 പേർ മാത്രം

0
1722

റിയാദ്: സഊദിയിൽ പുതിയ കൊവിഡ് കേസുകളുടെയും ഗുരുതര രോഗികളുടെയും എണ്ണം കുറയുന്നത് തുടരുന്നു. ഇതോടൊപ്പം തന്നെ ഉയർന്ന രോഗമുക്തിയും കൊവിഡ് കേസുകളിൽ ശ്രദ്ധേയമായ ആശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കേസുകളിൽ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തി. 219 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

ഗുരുതരമായ കേസുകളുടെ എണ്ണവും തുടർച്ചയായി താഴുകയാണ്. മൊത്തം 383 ഗുരുതര രോഗികളാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. മരണ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് മരണം രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,011 ആയി.

പുതിയ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗമുക്തരുടെ എണ്ണം ഉയർന്ന തലത്തിലാണ്. 534 പുതിയ രോഗമുക്തിയാണ് ഇന്നുണ്ടായത്. രാജ്യത്ത് കൊവിഡ് പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം കണ്ടെത്തിയ 747,934 രോഗികളിൽ നിന്ന് 728,723 പേർ സുഖം പ്രാപിച്ചു. റിയാദ് 62, ജിദ്ദ 19, മദീന 13, ദമ്മാം 11, മക്ക 9, അബഹ 8 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച കണക്കുകൾ.

രാജ്യത്ത് ഇത് വരെ നൽകിയ കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 61.53 ദശലക്ഷം ഡോസുകൾ ആയി ഉയർന്നു. രാജ്യത്താകമാനമുള്ള 600-ഓളം വാക്‌സിൻ കേന്ദ്രങ്ങൾ പൗരന്മാർക്കും താമസക്കാർക്കും വാക്‌സിനേഷൻ നൽകുന്നത് ഇപ്പോഴും തുടരുകയാണ്.