ഇന്ത്യൻ രൂപ കൂപ്പ് കുത്തുന്നു, ഗൾഫ് പ്രവാസികൾക്ക് നേട്ടം

0
13037

ദുബൈ: ഇന്ത്യൻ രൂപക്ക് വീണ്ടും കനത്ത ഇടിവ്. വിദേശ വിനിമയ ഇടപാടിൽ ഇന്ത്യൻ രൂപക്കെതിരെ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഗൾഫ് കറൻസികൾക്ക് ലഭിക്കുന്നത്. ഒരു സഊദി റിയാലിന് രാജ്യാന്തര വിപണിയിൽ 20.51 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബാങ്കുകളും മറ്റ് പണമിടപാട് സ്ഥാപനങ്ങളും വഴി പണം അയക്കുന്നവർക്ക് താരതമെന്യ ഇതിൽ നിന്ന് കുറഞ്ഞ പൈസ കുറവായിരിക്കും ലഭിക്കുക.

കുറച്ചു ദിവസങ്ങൾ കൂടി നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഗൾഫ് പ്രവാസികൾക്ക് ഇത് നേട്ടം ഉണ്ടാകുമെങ്കിലും അത് താത്കാലികം മാത്രമായിരിക്കും. സാമ്പത്തിക ഭവിഷ്യത്ത് രാജ്യം നേരിടുകയും വേണ്ടി വരും.

കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയുടെ മൂല്യം കൂപ്പു കുത്തികൊണ്ടിരിക്കുകയാണ്. ഇന്നലെ ഡോളറിനെതിരെ 45 പൈസ ഇടിഞ്ഞ് 75.82 രൂപയിൽ ആയിരുന്നു വ്യാപാരം. റഷ്യൻ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് കിഴക്കൻ യൂറോപ്പിൽ ആശങ്കകൾ നിലനിൽക്കുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇപ്പോഴത്തെ കാഴ്ച .

സഊദി റിയാൽ 20.51, യുഎഇ ദിർഹം 20.95, ഖത്തർ റിയാൽ 21.13, ഒമാൻ റിയാൽ 200.10, ബഹ്‌റൈൻ ദിനാർ 206.62, കുവൈത് ദിനാർ 253.12 എന്നിങ്ങനെയാണ് നിലവിലെ പ്രമുഖ ഓൺലൈൻ സൈറ്റ് മുഖേനയുള്ള വില.

വിദേശ നിക്ഷേപം കുറഞ്ഞതുമൂലമുള്ള, ആഭ്യന്തര ഓഹരികളിലെ ഇടിവും ക്രൂഡ് ഓയിൽ വില വര്‍ധനയും നിക്ഷേപകരെ ബാധിച്ചതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇതാണ് രൂപയുടെ വിനിമയ മൂല്യം ഇടിയാൻ ഇടയാക്കുന്ന ഒരു കാരണം. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 75.33 എന്ന നിലയിലായിരുന്നു. പിന്നീട് വീണ്ടും മൂല്യം ഇടിയുകയായിരുന്നു.

ക്രൂഡ് ഓയിൽ വില ഉയരുന്നതും യുഎസ് ഡോളറിനെതിരെ ഏഷ്യൻ കറൻസികൾ ദുര്‍ബലമാകുന്നതും രൂപയുടെ വിനിമയ മൂല്യം ഇനിയും കുറച്ചേക്കാം. എന്നാൽ, ഇത് താൽക്കാലികമായിരിക്കാനാണ് സൂചന. അസംസ്കൃത ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കടന്നു. രൂപയുടെ കൂടുതൽ മൂല്യം ഇടിവ് തടയാൻ ആർബിഐ ഇടപെട്ടേക്കും എന്ന് സൂചനയുണ്ട്.

യുക്രെയ്നിൽ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതിനാൽ ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ഈ മാസം പലിശ നിരക്ക് ഉയർത്താനുള്ള പദ്ധതികളുമായി യുഎസ് കേന്ദ്ര ബാങ്ക് മുന്നോട്ട് പോയേക്കും. ഫെഡ് റിസർവ് ചെയർമാൻ ജെറോം പവൽ ഇത് സംബന്ധിച്ച സൂചന നൽകിയിരുന്നു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടവും ആഭ്യന്തര വിപണിയിലെ പ്രശ്നങ്ങളും കാരണം രൂപയുടെ മാർച്ചിലെ ഫ്യൂച്ചര്‍ വ്യാപാര മൂല്യവും 0.46 ശതമാനം ഇടിഞ്ഞു. ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടവും ശക്തമായ ഡോളറുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. കൂടാതെ, യുഎസ് തൊഴിലില്ലായ്മ ക്ലെയിം ഡാറ്റ മികച്ച പ്രതീക്ഷ നൽകുന്നതിനാൽ ഡോളര്‍ കരുത്താര്‍ജിച്ചേക്കാം . മാർച്ചിൽ 76.40 എന്ന നിലവാരത്തിലേക്ക് ഡോളറിൻെറ മൂല്യം ഉയര്‍ന്നേക്കാം എഎന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.