റിയാദ്: സഊദിയിൽ ബിനാമി ബിസിനസിനെതിരെ നടപടികൾ ശക്തമാക്കിയ അധികൃതർ പരിശോധനയും അതി ശക്തമായി തുടരുന്നു. പദവി ശരിയാക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി കർശന പരിശോധന തുടരുകയാണ്. വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് സ്ഥാപനം ബിനാമി പേരിലാണോ പ്രവർത്തിക്കുന്നതെന്ന് സ്ഥിരീകരിക്കുന്നത്. ബിനാമി ബിസിനസ് സ്ഥാപനമാണെന്ന സംശയം ഒഴിവാക്കാന്‍ വിപണി നിയമവുമായി ബന്ധപ്പെട്ട പത്തു മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വ്യക്തമാക്കുന്നു.
1: സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും വിവരങ്ങൾ ഉൾപ്പെടെ അപ്‌ഡേറ്റ് ചെയ്ത കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
2: സ്ഥാപനത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം, ബിസിനസ് ഇടപാടുകള്‍ക്ക് വ്യക്തിപരമായ അക്കൗണ്ടുകള്‍ ഉപയോഗിക്കരുത്.
3: ലൈസന്‍സ് പുതുക്കുകയും ലൈസന്‍സുമായി ബന്ധപ്പെട്ട വിലാസം അപ്‌ഡേറ്റ് ചെയ്യുകയും വേണം.
4: വേതന സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ജീവനക്കാരുടെ വേതന വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
5: മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ കരാറുകള്‍ ഡിജിറ്റലൈസ് ചെയ്യണം, നിയമ ലംഘകരെ ജോലിക്കു വെക്കരുത്.
6: മുഴുവന്‍ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തണം, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം.
7: സ്ഥാപന നടത്തിപ്പ് ചുമതല സ്വതന്ത്രമായി വഹിക്കാന്‍ ഇടയാക്കുന്ന തരത്തില്‍ സീലുകളും ചെക്ക് ബുക്കുകളും മറ്റും വിദേശിക്ക് നല്‍കരുത്.
8: ഇ-പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തണം, ഇന്‍വോയ്‌സുകള്‍ ഇലക്‌ട്രോണിക് രീതിയില്‍ ഇഷ്യു ചെയ്യുകയും സൂക്ഷിക്കുകയും വേണം.
9: വായ്പകള്‍ നിയമാനുസൃത മാര്‍ഗങ്ങളിലായിരിക്കണം. വായ്പകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.
10: സാമ്പത്തിക സ്ഥാപനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം.
ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ബന്ധപ്പെട്ട വകുപ്പുകള്‍ ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്. ഇരുപതു സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിച്ച് ഡാറ്റ അനലിസിസിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെയാണ് ബിനാമി ബിസിനസ് പ്രവണത വ്യാപകമാണെന്ന് സംശയിക്കുന്ന മേഖലകളില്‍ പരിശോധനകള്‍ നടത്തുന്നത്. പരിശോധനയിൽ ബിനാമി സ്ഥാപനങ്ങളായി കണ്ടെത്തുന്ന സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയും ഉടമക്കും ഇടനിലക്കാർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
ബിനാമി ബിസിനസുകള്‍ നടത്തുന്ന വിദേശികള്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്ന സ്വദേശികള്‍ക്കും അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയുമാണ് ലഭിക്കുക. ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും പ്രതികളാകുന്ന സഊദി പൗരന്മാര്‍ക്ക് ബിസിനസ് മേഖലയില്‍ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ആജീവനാന്ത പ്രവേശന വിലക്കോടെ സഊദിയില്‍ നിന്ന് നാടുകടത്തുകയും.




