ജിദ്ദ: ആത്മ സംസ്കരണത്തിനും വിശ്വമാനവികതക്കും ഉതകുന്നതാകണം മത സംവിധാനങ്ങൾ എന്നും പ്രാപഞ്ചിക ജീവജാലങ്ങളോടു മുഴുവൻ കരുണ കാട്ടണമെന്നതാണ് ഇസ്‌ലാമിക അധ്യാപനമെന്നും അസഹിഷ്ണുതയും അന്യമത വിദ്വേഷവും സമൂഹത്തിനു വിപത്തും ജീവിത സന്തുലനാവസ്ഥ തകർക്കുന്നതുമാണ് എന്നും ‘അജ്‌വ’ ഉന്നതാധികാര സമിതിയുടെ കുവൈത്തിൽ നിന്നുള്ള അംഗമായ അബ്ദുൽ കലാം മൗലവി പറഞ്ഞു.
ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിശ്വാസ കർമ്മ കാര്യങ്ങളുടെ മേൽ ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന തരത്തിലുള്ള കടന്നുകയറ്റം വംശീയ ധ്വംസനത്തിൻ്റെ ഭാഗമാണന്നും പരീക്ഷണങ്ങൾ നേരിട്ടു ശീലിച്ച മുസ്‌ലിം സമൂഹത്തിനു ആർജ്ജവം നേടിക്കൊടുക്കാനാണ് അത് ഉപകരിക്കുക എന്നും മുസ്‌ലിം സമുദായം മുൻഗാമികൾ കാണിച്ച വഴിയിൽ നിന്നും അണുവിട പിന്നോട്ടു പോകാതെ വിശ്വാസ കർമ്മ കാര്യങ്ങളിൽ അടിയുറച്ചു നിൽക്കേണ്ട സമയമാണ് വർത്തമാന ഇന്ത്യൻ സാഹചര്യം എന്നും അദ്ദേഹം വിശദീകരിച്ചു. ആത്മ സംസ്കരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മുന്‍തൂക്കം നല്‍കിയുള്ള ‘അജ്‌വ’ ജിദ്ദ ഘടകത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃക പരമാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ നിന്നും ഉംറ നിർവഹിക്കാൻ വന്ന അബ്ദുൽ കലാം മൗലവിക്ക് അജ്‌വ ജിദ്ദ കമ്മിറ്റി നൽകിയ സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ‘അജ്‌വ’ ജി സി സി കമ്മിറ്റി പ്രസിഡണ്ട് ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജി.സി.സി. രക്ഷാധികാരി ഇബ്രാഹിംകുട്ടി ശാസ്താം കോട്ട ഉദ്ഘാടനം പരിപാടി ചെയ്തു. ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍, അബ്ദുൽ ഗഫൂര്‍ വണ്ടൂര്‍, അബ്ദുള്‍ ലത്ത്വീഫ് മുസ്‌ലിയാർ കറ്റാനം എന്നിവര്‍ സംസാരിച്ചു. ജിദ്ദ കമ്മിറ്റിയുടെ മെമെന്‍റോ ശറഫുദ്ധീന്‍ ബാഖവി അബ്ദുള്‍ കലാം മൗലവിക്ക് നല്‍കി. അജ്‌വ ജിദ്ദ ഘടകം പ്രസിഡണ്ട് മനാഫ് മൗലവി അല്‍ ബദരി സ്വാഗതവും സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.




