ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം; ആയിരക്കണക്കിന് ഹൗസ് ഡ്രൈവർമാർക്ക് അനുഗ്രഹമാകും, നടപടിക്രമങ്ങൾ അറിയാം

0
4521

റിയാദ്: വ്യക്തിഗത സ്‌പോൺസർമാർക്കു കീഴിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലേക്ക് മാറാനാകുമെന്നത് അനുഗ്രഹമാകുക ആയിരക്കണക്കിന് പ്രവാസികൾക്ക്. ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഈ തീരുമാനം ആശ്വാസം പകരുക. ഇത്‌ സംബന്ധമായി ഒരു ചോദ്യത്തിന് മറുപടിയായാണ് സ്പോൺസർഷിപ്പ് മാറ്റാവുന്നതാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയത്.

നേരത്തെയും ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റം പലപ്പോഴായി അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. രാജ്യത്ത് ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾ തൊഴിൽ മന്ത്രാലയത്തിന്റെ നേരിട്ടുള്ള കീഴിലല്ല വരുന്നത്. അതിനാൽ തന്നെ സാധാരണ തൊഴിൽ മന്ത്രാലയ നിയമങ്ങളും തീരുമാനങ്ങളും ഈ വിഭാഗങ്ങൾക്ക് ബാധകമാറില്ല. ഹൗസ് ഡ്രൈവർമാരുടെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിലവിൽ മാറ്റാൻ സാധിക്കുമെന്നാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇപ്പോൾ ചോദ്യത്തിനുള്ള മറുപടിയായി അറിയിച്ചിരിക്കുന്നത്.

തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള ഫീസുകൾ പുതിയ തൊഴിലുടമയാണ് വഹിക്കേണ്ടതെന്ന് തൊഴിൽ നിയമത്തിലെ നാൽപതാം വകുപ്പ് അനുശാസിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം പുതിയ ഉടമയിലേക്ക് മാറുകയോ പരസ്പരം ലയിപ്പിക്കുകയോ വിഭജിക്കുകയോ ചെയ്യുന്നതിന്റെ ഫലമായി സ്ഥാപനത്തിന്റെ നിയമാനുസൃത ഘടനയിൽ മാറ്റങ്ങളുണ്ടാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ജീവനക്കാരുടെ തൊഴിൽ കരാറുകൾ സാധുവായി തുടരുമെന്നും സേവന തുടർച്ച പരിഗണിക്കപ്പെടുമെന്നും തൊഴിൽ നിയമത്തിലെ പതിനെട്ടാം വകുപ്പും അനുശാസിക്കുന്നു.

അതെ സമയം, my.gov.sa എന്ന പോർട്ടൽ വഴിയാണ് ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറേണ്ടത്. ഇതിനായി പോർട്ടലിൽ പ്രത്യേക ലിങ്ക് തന്നെ തുറന്നിട്ടുണ്ട്. ഇത്‌ വഴിയാണ് ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നൽകുന്ന ഇ-സേവനം വഴി, ഒരു ഗാർഹിക തൊഴിലാളിയുടെ സേവനങ്ങൾ കൈമാറാൻ അഭ്യർത്ഥിക്കുന്നതിനോ തൊഴിലാളിയുടെ സേവനങ്ങൾ ബന്ധപ്പെട്ട സേവനങ്ങളിലേക്ക് മാറ്റാൻ അഭ്യർത്ഥിക്കുന്നതിനോ ഈ പോർട്ടൽ വഴിയുള്ള സൗകര്യങ്ങൾ പ്രാപ്തമാക്കുന്നു. ഇ-സേവന സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യുക, തുടർന്ന് അപേക്ഷ സമർപ്പിക്കുക. എന്നീ ഘട്ടങ്ങളാണ് പൂർത്തീകരിക്കേണ്ടത്.