സബീറലിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

ജിദ്ദ: ശനിയാഴ്ച രാവിലെ ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ട കോഴിക്കോട് മുക്കം കൊടിയത്തൂർ സ്വദേശി പി. കെ സബീറലി യുടെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ മക്കയിൽ ഖബറടക്കം നടത്തി. ഹറമിൽ വെച്ച് നടന്ന മയ്യിത്ത് നിസ്കാരത്തിലും ഖബ്റടക്ക ചടങ്ങിലും ബന്ധു മിത്രാദികൾ, നാട്ടുകാർ, സുഹൃത്തുക്കൾ, കമ്പനിയിലെ സഹ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നിയമ നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് കൺവീനർ മുഹമ്മദ്‌ കുട്ടി പാണ്ടിക്കാട്, മുഹമ്മദ്‌ റഫീഖ്, നാസർ കാടാമ്പുഴ, അൻവർ മാട്ടിൽ, മുക്കം പ്രവാസി കൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ജിദ്ദയിലെ കിലോ ആറിലുള്ള യമാനി ബേക്കറിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു സബീറലി. ഒരാഴ്ച മുമ്പാണ് ഭാര്യയും മൂന്ന് മക്കളും വിസിറ്റ് വിസയിൽ ജിദ്ദയിൽ എത്തിയത്.