ചരിത്രം തിരുത്തി സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം; ആദ്യ വനിത അണ്ടർ സെക്രട്ടറിയായി ലൈല അൽ ഖാസിം നിയമിതയായി

0
2116

റിയാദ്: സഊദി ചരിത്രത്തിൽ ആദ്യമായി ഇസ്‌ലാമിക അഫയേഴ്സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിൽ അണ്ടർ സിക്രട്ടറിയായി വനിത നിയമിതയായി. മന്ത്രാലയത്തിലെ ആസൂത്രണത്തിനും ഡിജിറ്റൽ പരിവർത്തനത്തിനുമുള്ള അണ്ടർസെക്രട്ടറിയായി ഡോ: ലൈല അൽ ഖാസിമിനെയാണ് ചുമതപ്പെടുത്തിയത്. ഒരു സ്ത്രീയെ മന്ത്രിസഭയിൽ ഉയർന്ന പദവിയിൽ നിയമിക്കുന്ന ആദ്യ നിയമനമാണ് ഇത്‌.

സഊദി വിഷൻ 2030 ന്റെ ഭാഗമായുള്ള സുപ്രധാന നീക്കങ്ങളിൽ ഒന്നാണ് വനിതകളെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുകയെന്നത്. മന്ത്രാലയത്തിലെ പല വകുപ്പുകളും പിന്തുടരുന്ന വലുതും പ്രധാനപ്പെട്ടതുമായ ഏജൻസികളിൽ ഒന്നാണ് ആസൂത്രണത്തിനും ഡിജിറ്റൽ പരിവർത്തനത്തിനും വേണ്ടിയുള്ള ഏജൻസിയെന്നും പദ്ധതികളും ലക്ഷ്യങ്ങളും കൈവരിക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും സ്ഥാനം ഏറ്റെടുത്ത ശേഷം യുവതി പറഞ്ഞു.

ഇസ്‌ലാമിക കാര്യ, കോൾ, ഗൈഡൻസ് മന്ത്രി ഡോ: അബ്ദു ലത്തീഫ് അൽ ഷെയ്ഖിൽ നിന്ന് തന്റെ നിയമന വാർത്ത വളരെ സന്തോഷത്തോടെയാണ് തനിക്ക് ലഭിച്ചതെന്നും ഈ സ്ഥാനത്ത് നിന്ന് രാജ്യത്തെ സേവിക്കുന്നത് തനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും യുവതി കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ പദവിയിലും അവരെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിലെ അവരുടെ പങ്കാളിത്തത്തെക്കുറിച്ചുമുള്ള വ്യക്തമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് നിയമനം. ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഡോ: അബ്ദുൾ ലത്തീഫ് അൽ-ഷൈഖ് ആണ് കഴിഞ്ഞ ദിവസം ഡോ: ലൈല അൽ-ഖാസിമിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.

മന്ത്രാലയം സ്ഥാപിതമായതിനുശേഷം ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ ആദ്യ വനിതാ അണ്ടർസെക്രട്ടറിയാണ് അൽ-ഖാസിം. വിവിധ മേഖലകളിലെ നേതൃസ്ഥാനങ്ങളിലും ചുമതലകളിലും സ്ത്രീകളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിന് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് നിയമനം. സഊദി വനിതകളുടെ വിശിഷ്ടമായ പങ്ക് സജീവമാക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തികാട്ടിയാണ് നിയമനം.