ജിദ്ദ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ പി. വി ഹസൻ സിദ്ധീഖ് ബാബു (ബാബു നഹ്ദി) വിന് ഗുഡ്വിൽ ഗ്ലോബൽ ഇനീഷ്യെറ്റീവ് (ജി ജി ഐ) വക യാത്രയയപ്പ് നൽകി. നാനാവിധ ജീവൽ പ്രശ്നങ്ങളുമായി പ്രയാസപ്പെടുന്ന അസംഖ്യം പേർ പ്രവാസികളുടെ ഇടയിലുണ്ടെന്നും ഇവർക്ക് സാന്ത്വനം പകരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സമയം കണ്ടെത്തണമെന്നും ഹസൻ സിദ്ധീഖ് ബാബു അഭ്യർത്ഥിച്ചു. സേവനം ചെയ്യാൻ എന്തിനാണ് ശബ്ദം എന്നാണ് എപ്പോഴും ആലോചിക്കാറ്. ദൈവിക പ്രീതി കരഗതമാക്കാൻ മികച്ച മാർഗം ശബ്ദമുണ്ടാക്കാതെ സേവന നിരതമാകുന്നതിലാണെന്ന തിരിച്ചറിവോടെയാണ് എളിയ പ്രവർത്തനങ്ങളിലേർപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. കോവിഡ് മഹാമാരിക്കാലത്ത് പല സംസ്ഥാനങ്ങളിൽ നിന്നുള്ള 97 ഇന്ത്യക്കാരുടെ ജയിൽ മോചനം സാധ്യമാക്കാനായത് ഒരു നിമിത്തമായിരുന്നുവെന്ന് ജി ജി ഐ ട്രഷറർ കൂടിയായ ബാബു പറഞ്ഞു.
പ്രയാസപ്പെടുന്നവർക്ക് സാന്ത്വനം പകരാൻ എളിയ പ്രവർത്തനങ്ങൾ നടത്തുമ്പോൾ നാം പോലും പ്രതീക്ഷിക്കാതെ സൃഷ്ടാവ് അത് വിജയിപ്പിച്ചു തരുമെന്നതിന്റെ തെളിവുകൾ അദ്ദേഹം സദസ്സുമായി പങ്ക് വെച്ചു. ഇതര മതസ്ഥർക്കിടയിൽ ഇസ്ലാമിന്റെ സുന്ദര മുഖം അനുഭവ ഭേദ്യമാക്കാൻ സാധിക്കുന്നതിനൊപ്പം അനിർവചനീയമായ ആതമഹർഷവും ലഭിക്കുന്നതാണ് ജീവ കാരുണ്യ പ്രവർത്തനങ്ങളെന്ന് ഉദാഹരണ സഹിതം വിവരിച്ച അദ്ദേഹം ഇത്തരം പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ എല്ലാ പ്രവാസികളോടും അഭ്യർത്ഥിച്ചു.
ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ പ്രവാസി സമൂഹത്തിന് മികച്ചൊരു റോൾ മോഡലാണ് ബാബുവെന്നും ആരവങ്ങളില്ലാതെ അദ്ദേഹം നിർവഹിച്ചു പോന്ന നിസ്വാർത്ഥ സേവനങ്ങൾ ഏറ്റെടുത്ത് നടത്താൻ കൂടുതൽ പേര് മുന്നോട്ട് വരേണ്ടതുണ്ടെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിശ്വാസാദർശത്തെ ജീവിതത്തിന്റെ താളവും ഭാവവുമാക്കിയ ബാബുവുമായുള്ള ദീർഘകാലത്തെ അനുഭവങ്ങൾ ഹൃദയ സ്പൃ ക്കായാണ് പ്രസംഗകർ പങ്ക് വെച്ചത്.
ജി ജി ഐ പ്രസിഡന്റ് ഡോ. ഇസ്മായീൽ മരിതേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ, ഇബ്രാഹീം ശംനാട് , ജലീൽ കണ്ണമംഗലം, നൗഫൽ പാലക്കോത്ത്, സാദിഖലി തുവ്വൂർ, ഇസ്ഹാഖ് പൂണ്ടോളി, കബീർ കൊണ്ടോട്ടി, മൻസൂർ മാസ്റ്റർ, ഗഫൂർ കൊണ്ടോട്ടി, പി. എം മൂർത്തദ, അഷ്റഫ് പട്ടത്തില്, എ. പി. എ ഗഫൂർ, മുസ്തഫ പെരുവള്ളൂർ, സുൽഫിക്കർ മാപ്പിള വീട്ടിൽ, റഹ്മത്ത് ടീച്ചർ, നാസിറ സുൽഫി എന്നിവർ സംസാരിച്ചു. അരുവി മോങ്ങം കവിത ആലപിച്ചു. ജി ജി ഐയുടെ പുതിയ ട്രഷർ ആയി ഇബ്രാഹീം ശനാടിനെ പരിപാടിയിൽ വെച്ച് തെരെഞ്ഞെടുത്തു. ജെ ജെ ഐ വക ഉപഹാരം ഹസൻ സിദ്ധീഖ് ബാബുവിന് ചടങ്ങിൽ വെച്ച് സമ്മാനിച്ചു




