സഊദി തുറമുഖത്ത് വൻ മയക്കുമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്തി, ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചത് 8.3 ദശലക്ഷത്തിലധികം ഗുളികകൾ

0
2687

ജിദ്ദ: സഊദിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട, ഉള്ളികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ എട്ട് ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ എത്തിയ രണ്ട് ചരക്കുകളിൽ നിന്നാണ് 8.3 ദശലക്ഷത്തിലധികം ആംഫെറ്റാമൈൻ ഗുളികകൾ ഒളിപ്പിച്ച് കടത്താനുള്ള രണ്ട് ശ്രമങ്ങൾ വിജയകരമായി പരാജയപ്പെടുത്തിയത്.

ആദ്യ ശ്രമത്തിൽ 3,054,000 ഗുളികകൾ ഉള്ളി ശേഖരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) ഒരു പ്രസ്താവനയിൽ വിശദീകരിച്ചു. രണ്ടാം ശ്രമത്തിൽ, 5,281,250 ഗുളികകൾ സിലിക്കൺ ബാരലുകളുടെ ചരക്കുകളിലുമാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

അന്വേഷണത്തിൽ, കള്ളക്കടത്ത് ശ്രമത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കും.

അതേസമയം, 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ 1910 എന്ന നമ്പറിലോ, 00966114208417 എന്ന അന്താരാഷ്ട്ര നമ്പറിലോ വിളിച്ച് സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ സഹകരിക്കാൻ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

വിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങളും തുടര്‍ന്നുള്ള നടപടിക്രമങ്ങളും പൂര്‍ണ്ണ രഹസ്യമായിത്തന്നെ സൂക്ഷിക്കുകയും, നല്‍കിയ വിവരങ്ങള്‍ ശരിയാണെങ്കില്‍ അവര്‍ക്ക് സാമ്പത്തിക പാരിതോഷികങ്ങള്‍ നല്‍കുന്നതായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതോറിറ്റി പുറത്ത് വിട്ട വീഡിയോ 👇