കീടനാശിനിയുടെ അളവ് കൂടി, ഫ്രാൻസ് പിൻവലിച്ച നൂഡിൽസ് രാജ്യത്ത് എത്തിയിട്ടില്ലെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

0
1756

റിയാദ്: നൂഡിൽസിൽ ഉപയോഗിക്കുന്ന കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്‍റെ സാന്ദ്രത അനുവദനീയ അളവിൽ കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് ഫ്രഞ്ച് അധികൃതർ പിൻവലിച്ച ഇൻസ്റ്റന്‍റ് നൂഡിൽസ് രാജ്യത്തെ വിപണിയിലെത്തിയിട്ടില്ലെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) സ്ഥിരീകരിച്ചു. ഫ്രാൻസ് അധികൃതർ ഈ നൂഡിൽസ് പിൻവലിച്ച സമയത്ത് തന്നെ റാപ്പിഡ് അലേർട്ട് സെന്റർ ഫ്രഞ്ച് അധികൃതരുടെ നീക്കം നിരീക്ഷിച്ചു വന്നിരുന്നതായി അതോറിറ്റി അറിയിച്ചു.

ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്രം സദാസമയവും പിന്തുടരുന്നതായും എല്ലാ സമയത്തും ബന്ധപ്പെട്ട സംഭവവികാസങ്ങൾ നിരീക്ഷിക്ക്ന്നതായാലും രാജ്യത്തേക്ക് പ്രവേശിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയല്ലാതെ ഒരു ചരക്കും ഇറക്കുമതി ചെയ്യപ്പെടുന്നില്ല. ഉപഭോക്തൃ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ തിരിച്ചു വിളികളോ ഉണ്ടായാൽ ഉൽപ്പന്നങ്ങളെയും അവയുടെ ഇറക്കുമതിക്കാരെയും കുറിച്ചുള്ള വിവരങ്ങൾ നേടുന്നതിനും ട്രാക്കുചെയ്യുന്നതിനും ഇലക്ട്രോണിക് ക്ലിയറൻസ് സിസ്റ്റം സഹായിക്കുന്നു.

ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സംരക്ഷിക്കുന്നതിൽ ഒരുവിധ വിട്ടുവീഴ്ചയും ചെയ്യുന്നില്ലെന്ന് അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി. കാർസിനോജൻ, മ്യൂട്ടജൻ, റിപ്രോടോക്സിക് ഏജന്റ് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഒരു വസ്തുവാണ് എഥിലീൻ ഓക്സൈഡ്.