തന്റെ പേരിലുള്ള വൈഫൈ ഉപയോഗിച്ച് മറ്റൊരാൾ അശ്ലീല വീഡിയോ ഷെയർ ചെയ്തു, ഒടുവിൽ മലയാളിക്ക് മോചനം

0
5570

റിയാദ്: തന്റെ പേരിലുള്ള ഇന്റർനെറ്റ് വൈഫൈ ഉപയോഗിച്ച് മറ്റാരോ സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല വീഡിയോ ഷെയർ ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ട മലയാളിക്ക് കേസിൽ നിന്ന് മോചനം. കോഴിക്കോട് പൂനൂർ സ്വദേശി അബ്ദുല്ലത്തീഫിനാണ് സാമൂഹിക പ്രവർത്തകന്റെയും കമ്പനിയുടെയും ഇടപെടലിൽ ഒന്നര വർഷത്തിന് ശേഷം നിരപരാധിത്വം തെളിയിച്ച് കേസിൽ നിന്ന് മോചനം ലഭിച്ചത്. തന്റെ ഇഖാമ നമ്പറിൽ എടുത്ത ഇൻർനെറ്റ് വൈഫൈ, ഫ്‌ളാറ്റിലുള്ള ആറു സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തിരുന്നു. ഇതിനിടെ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ ആരോ ഷെയർ ചെയ്യുകയും ഒടുവിൽ അന്വേഷണം ലത്തീഫിന്റെ മേൽ എത്തുകയുമായിരുന്നു.

കമ്പനിയിൽ സെയിൽസ്മാനായ അബ്ദുല്ലത്തീഫ് ഒരാവശ്യത്തിന് ജവാസാത്തുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ പേരിൽ അൽമനാർ പോലീസ് സ്‌റ്റേഷനിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തതായി മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അശ്ലീല വീഡിയോ ഷെയർ ചെയ്തുവെന്ന് കാണിച്ചാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്നും തന്റെ പേരിലുള്ള ഇന്റർനെറ്റുപയോഗിച്ച് ഫേസ്ബുക്ക് വഴി കുട്ടികളുടെ അശ്ലീല വീഡിയോ മൂന്നു പ്രാവശ്യം ഷെയർ ചെയ്തുവെന്നുമാണ് കേസിൽ ഉള്ളതെന്നും വ്യക്തമായത്. വ്യാജ ഐഡി ഉപയോഗിച്ചാണ് ഇത് ഷെയർ ചെയ്തിരുന്നതെന്നതിനാൽ ആളെ കണ്ടെത്താൻ സാധിക്കാത്തിരുന്നതും ഇദ്ദേഹത്തിന്റെ പേരിലാണ് ഇന്റർനെറ്റ് എന്നതും കുരുക്കയാകുകയായിരുന്നു.

ഇദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യമായ കമ്പനി അധികൃതർ സാമൂഹിക പ്രവർത്തകർക്കൊപ്പം പോലീസിലെത്തി വിശദീകരണം നൽകിയെങ്കിലും അറസ്റ്റ് ചെയ്ത് കോടതിൽ ഹാജരാക്കാനായിരുന്നു നിർദേശം. ഇന്റർനെറ്റ് കണക്ഷൻ ഉടമ എന്ന നിലയിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയിലും പബ്ലിക് പ്രോസിക്യൂഷനിലും ഹാജരാക്കുകയായിരുന്നു. എന്നാൽ, നിരപരാധിത്വം വ്യക്തമായി 20 ദിവസത്തിന് ശേഷം കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഇത്തരം സംഭവങ്ങൾക്ക് സഊദിയിൽ ഫേസ്ബുക്ക് ഐഡിയുടെ ഉടമക്കെതിരെയോ അല്ലെങ്കിൽ ഇന്റർനെറ്റ് ഉടമക്കെതിരെയോ ആണ് കേസ് ചാർജ് ചെയ്യാറുള്ളത്. വിദേശികളെ ജയിൽശിക്ഷക്ക് ശേഷം നാടുകടത്തുകയും ചെയ്യും. ഇത്തരം കേസുകളിൽ നിരപരാധിയാണെങ്കിലും പോലീസിന് അറസ്റ്റ് ഒഴിവാക്കാനും സാധ്യമല്ല.