സാമ്പത്തിക രംഗത്ത് കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച് സഊദി അറേബ്യ; ജി 20 രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത്

0
1809

റിയാദ്: 2021 ന്റെ മൂന്നാം പാദത്തിൽ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനത്തിൽ സഊദി അറേബ്യ ഏറെ മുന്നിൽ. ജി 20 രാജ്യങ്ങൾക്കിടയിൽ സഊദി അറേബ്യ രണ്ടാം സ്ഥാനത്താണ്. ത്രൈമാസ അടിസ്ഥാനത്തിൽ സഊദി സാമ്പത്തിക രംഗം 5.7 ശതമാനം വളർച്ച രേഖപ്പെടുത്തി. ആഗോളതലത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളേക്കാൾ വേഗത്തിൽ സഊദി സമ്പദ്‌വ്യവസ്ഥ കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറിയതായി ജി 20 രാജ്യങ്ങളും അന്താരാഷ്ട്ര നാണയ നിധിയും പുറപ്പെടുവിച്ച സൂചികകളുടെ വിശകലനത്തിൽ വ്യക്തമാകുന്നുവെന്ന് അൽ-ഇക്തിസാദിയ പത്രം റിപ്പോർട്ട് ചെയ്യുന്നു.

സഊദി അറേബ്യയുടെ ശക്തമായ സാമ്പത്തിക വീണ്ടെടുക്കലിന് പ്രധാനമായും കാരണമായത് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയതാണ്. ഇത് എണ്ണ ഇതര മേഖലയിൽ ശക്തമായ വളർച്ചയ്ക്ക് കാരണമായി, കൂടാതെ ഒപെക്, ഒപേക് പ്ലസ് സഖ്യം തമ്മിലുള്ള കരാറിനുള്ളിൽ ഉയർന്ന ഉൽപാദനത്തോടെ എണ്ണ മേഖലയുടെ വളർച്ചയും സഊദിക്ക് സഹായകരമായി.

ത്രൈമാസാടിസ്ഥാനത്തിൽ, മൂന്നാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ 12.7 ശതമാനം വളർച്ച നേടിയ ഇന്ത്യയ്‌ക്ക് തൊട്ടുപിന്നാലെ സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിലെ സാമ്പത്തിക വളർച്ചയിൽ G20 രാജ്യങ്ങളിൽ ഇന്ത്യ 12.7%, സഊദി അറേബ്യ 5.7%, അർജന്റീന 4.1%, ഫ്രാൻസ് 3%, തുർക്കി 2.7%, ഇറ്റലി 2.6%, അമേരിക്ക 2.3%, ജർമ്മനി 1.7%, സ്വിറ്റ്സർലൻഡ് 1.7%, ഇന്തോനേഷ്യ 1.55%, കാനഡ 1.3%, യുണൈറ്റഡ് കിംഗ്ഡം 1.1%, ദക്ഷിണ കൊറിയ 0.3%, ചൈന 0.2% എന്നിങ്ങനെയാണ് വളർച്ചാ നിരക്ക്.

അഞ്ച് രാജ്യങ്ങൾ ഈ കാലയളവിൽ സാമ്പത്തിക ഇടിവും രേഖപ്പെടുത്തി. ബ്രസീൽ -0.1 ശതമാനം, മെക്സിക്കോ -0.4%, റഷ്യ -0.8%, ജപ്പാൻ -0.9%, ദക്ഷിണാഫ്രിക്ക -1.5% എന്നീ രാജ്യങ്ങളാണ് സാമ്പത്തിക വളർച്ചയിൽ പിന്നോട്ട് പോയത്.

ത്രൈമാസ അടിസ്ഥാനത്തിൽ സ്ഥിരമായ വിലയിൽ ജിഡിപിയിൽ സഊദി സമ്പദ്‌വ്യവസ്ഥ 5.7 ശതമാനം വളർച്ച രേഖപ്പെടുത്തി. വാർഷികാടിസ്ഥാനത്തിൽ ഈ കാലയളവിൽ ജിഡിപി 7 ശതമാനം ഉയർന്നു, ഇത് 2012 ലെ ആദ്യ പാദത്തിന് ശേഷം 8.7 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഒമ്പതര വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കാണ്.