കൊച്ചിയിൽ നിന്ന് എട്ട് മുതൽ സർവ്വീസ് പ്രഖ്യാപിച്ച് സഊദി എയർ, ബുക്കിങ് ആരംഭിച്ചു

0
10206

റിയാദ്: സഊദി അറേബ്യയുമായി പുതിയ എയർ ബബ്ൾ കരാർ നിലവിൽ വന്നതോടെ സർവ്വീസുകൾ പ്രഖ്യാപിച്ച് സഊദി എയർലൈൻസ്. സഊദിയിൽ നിന്ന് കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ വിമാത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ജനുവരി എട്ടു മുതൽ ആരംഭിക്കുന്നത്. നേരത്തെ, കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജനുവരി 11 മുതൽ സർവിസുകൾ തുടങ്ങുമെന്ന് . സഊദിയിലെ ഫ്ലൈ നാസും ഇന്ത്യയിലെ ഇൻഡിഗോയും കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു.

റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും നേരിട്ടും തിരിച്ചുമുള്ള സർവ്വീസുകൾ സഊദിയ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജിദ്ദ കൊച്ചി സെക്ടറിൽ ആഴ്ചയിൽ നാല് സർവീസും റിയാദ് കൊച്ചി സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവീസുമാണ് നിലവിലുള്ളത്. 23 കിലോയുടെ രണ്ട് ബോക്സ് ലഗേജുകളാണെങ്കിൽ ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്ക് 994 റിയാലും ഇതേ ടിക്കറ്റിൽ ലഗ്ഗേജ് ഒരു ബോക്‌സും ആണെങ്കിൽ ടിക്കറ്റ് നിരക്ക് 740 റിയാലുമായിരിക്കും. അതേസമയം, കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ഇപ്പോൾ 1100 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക് വെബ്‌സൈറ്റിൽ കാണിക്കുന്നത്.

റിയാദ് കൊച്ചി സെക്ടറിൽ 23 കിലോയുടെ രണ്ട് രണ്ട് ബോക്സ് ലഗേജുകളാണെങ്കിൽ 1099 റിയാലും ഒരു ബോക്സ് ആണെങ്കിൽ 999 റിയാലുമാണ് ടിക്കറ്റ് നിരക്ക്. കൊച്ചി റിയാദ് സെക്ടറിലേക്ക് നിലവിൽ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ മാത്രമാണ് ലഭ്യമാകുന്നത്.ഉടൻ തന്നെ എക്കോണമി ക്ലാസ് നിരക്കും പ്രസിദ്ധീകരിച്ചേക്കും.

അതേസമയം, എയർ ബബിൾ കരാർ പ്രകാരം ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായാണ് കോഴിക്കോട്- റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവ്വീസുകൾ ഫ്ളൈനാസ് പ്രഖ്യാപിച്ചത്. എന്നാൽ, ഇവരുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. രാവിലെ 7.30ന് റിയാദിൽ നിന്നെത്തുന്ന വിമാനം 8.30 ന് മടങ്ങും. ജിദ്ദ, ദമാം , മദീന, ജിസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എല്ലാം ഈ സർവിസിന് കണക്ഷൻ വിമാനം ലഭിക്കുമെന്നും ഫ്ലൈ നാസ് അറിയിച്ചിട്ടുണ്ട്.

തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 9.30 നാണ് ജിദ്ദയിലേക്ക് ഇൻഡിഗോ സർവിസ്. രാവിലെ 10.40ന് തിരിച്ചെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദമാമിൽ നിന്ന് 7.35ന് എത്തുന്ന വിമാനം 8.35ന് മടങ്ങും.

നിലവിൽ ചാർട്ടർ സർവിസുകളാണ് സഊദി സെക്ടറിലുള്ളത്. സഊദി പ്രവാസികളുടെ ഏറെ കാലത്തെ നിരന്തര ആവശ്യത്തിന് ഒടുവിലാണ് സഊദിയുമായി എയർ ബബ്ൾ കരാറിലെത്തിയത്. കൊവിഡിന് മുമ്പ് നിർത്തിയ സർവിസാണ് ഫ്ലൈ നാസ് പുനരാരംഭിക്കുന്നത്. അതേസമയം, നിലവിൽ ചാർട്ടർ സർവിസുകളാണ് നടത്തുന്നതെന്നും എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവിസുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. ഫ്‌ളൈനാസ്, ഇൻഡിഗോ എന്നിവക്ക് പുറമെ സഊദി എയർലൈൻസ് കൂടി സർവ്വീസുകൾ പ്രഖ്യാപിച്ചതോടെ സഊദിയിൽ നിന്ന് കേരള സെക്റ്ററിലേക്ക് കൂടുതൽ സീറ്റുകൾ ലഭ്യമാകുന്നതോടെ വൈകാതെ ക്വാറന്റൈൻ പാക്കേജടക്കമുള്ള നിരക്കുകളിൽ വൻ കുറവ്‌ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സഊദി യാത്രക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കരിപ്പൂരിൽ നിന്ന് ഏറ്റവും തിരക്കേറിയ സഊദി സെക്ടറിൽ വലിയ വിമാനമില്ലാത്തത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ, സഊദി എയർലൈൻസ് സർവിസ് നടത്തിയിരുന്നെങ്കിലും വിമാനാപകട പശ്ചാത്തലത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഇത്‌ തിരിച്ചുകൊണ്ടുവരാൻ ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ട്.