റെയിൽവേ മേഖലയിൽ ഒരു ലക്ഷം പേർക്ക് ജോലി, ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയിൽ വനിത ഡ്രൈവർമാർ: ഗതാഗത മഖലയിൽ വൻ മാറ്റത്തിനൊരുങ്ങി സഊദി പൊതുഗതാഗത അതോറിറ്റി

0
1870

റിയാദ്: റെയിൽവേ മേഖലയിൽ സഊദികൾക്ക് നിലവിലുള്ള 20,000 ൽ നിന്ന് 100,000 തൊഴിലവസരങ്ങൾ നൽകി അഞ്ചിരട്ടി വർധിപ്പിക്കാൻ പദ്ധതി ഒരുങ്ങുന്നതായി സഊദി പൊതു ഗതാഗത വകുപ്പ്. റെയിൽവേ മേഖലയിലെ പൊതുഗതാഗത അതോറിറ്റി (പിടിഎ) അണ്ടർ സെക്രട്ടറി ഖാലിദ് സുൽത്താൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയിൽ സഊദി വനിത ഡ്രൈവർമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവേ മേഖലയിൽ ജോലി ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നത് ഗതാഗതത്തിനും ലോജിസ്റ്റിക്സിനും ദേശീയ തന്ത്രത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണെന്ന് അദ്ദേഹം ഇവിടെ വെർച്വൽ എംപ്ലോയ്‌മെന്റ് ഫെയറിന്റെ ഉദ്ഘാടന സെഷനിൽ വ്യക്തമാക്കി.

ഹറമൈൻ ഹൈ സ്പീഡ് ട്രെയിനിൽ ഡ്രൈവർമാരായി ജോലിയെടുക്കാനുള്ള പരിശീലന പരിപാടിയിലേക്ക് സഊദി വനിതകളുടെ രജിസ്ട്രേഷനുള്ള വാതിൽ തുറന്ന് സഊദി റെയിൽവേ പോളിടെക്നിക് (എസ്ആർപി) ഞായറാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. പദ്ധതി പ്രകാരം, ഡ്രൈവർമാർ ഉൾപ്പെടെയുള്ള റെയിൽവേ മേഖലയിലെ ജീവനക്കാരായി സഊദി യുവതികൾക്ക് അവരുടെ ഭാവി ചുമതലകൾ നിർവഹിക്കുന്നതിനും നിറവേറ്റുന്നതിനും ആവശ്യമായ പരിശീലനം നൽകും.

srp.edu.sa എന്ന വെബ്‌സൈറ്റ് വഴി ഒരു വർഷത്തെ പരിശീലന പരിപാടിക്കായി എസ്ആർപി ജനുവരി 2 ന് രജിസ്ട്രേഷൻ പോർട്ടൽ തുറന്നിട്ടുണ്ട്. രജിസ്ട്രേഷനുള്ള അവസാന തീയതി ജനുവരി 13 ആണ്. പരിശീലന ക്ലാസുകൾ ജനുവരി 15 ന് ആരംഭിക്കും. ജിദ്ദ, റാബേഗ് വഴി മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ ഓടിക്കാൻ സഊദി വനിതകളെ പ്രാപ്തരാക്കുന്നതിന് പ്രത്യേക പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.