പാരീസ്: ഒമിക്രോണ്‍ വ്യാപനം ലോകമെമ്പാടും ആശങ്ക പടര്‍ത്തവെ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലേക്ക് യാത്ര നടത്തിയവരിലാണ് പുതിയ വകഭേദം. കൊവിഡിന് കാരണമാകുന്ന സാര്‍സ്-കൊവ്-2 വൈറസിന്റെ പുതിയ വകഭേദമാണിത്.
ബി.1.640.2 അഥവ ഇഹു എന്ന പേരിലുള്ള വകഭേദം തെക്കന്‍ ഫ്രാന്‍സിലാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലടക്കം പടര്‍ന്നുപിടിക്കുന്നതിനിടെയാണ് ആശങ്കയുയർത്തി പുതിയ വകഭേദമെത്തുന്നത്. ഇഹു മെഡിറ്ററേനീ ഇന്ഫെക്ഷന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്.
ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാൾ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. ഈ വകഭേദത്തിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കൊവിഡ് വകഭേദത്തിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
അതിനാല്‍ ഈ വൈറസിന് വാക്സിനുകളിൽ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ വകഭേദം മരണസംഖ്യ കൂട്ടുമോ എന്നുള്ള ഗവേഷണം പുരോഗമിക്കുകയാണ്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് വരെ ഈ വകഭേദം ഇഹു എന്ന പേരിലായിരിക്കും അറിയപ്പെടുക.




