രഹസ്യബന്ധം ഭർത്താവ് അറിഞ്ഞു, കൊല്ലാൻ സ്വർണം പണയംവച്ച് ക്വട്ടേഷൻ; ഭാര്യയും സംഘവും പിടിയിൽ

അമരാവതി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ യുവതി പൊലീസ് പിടിയിൽ. ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ കാമുകനെയും 11 അംഗ ക്വട്ടേഷൻ സംഘത്തെയും പൊലീസ് അറസ്റ്റു ചെയ്തു. ലിംഗാപുരം ഗ്രാമത്തിലെ ഈശ്വര്‍ റെഡ്ഡിയുടെ പരാതിയിലാണ് ഭാര്യ ശില്‍പയും കാമുകൻ നാഗസുധീറും ക്രിമിനൽ സംഘവും അറസ്റ്റിലായത്.

ഈശ്വർറെഡി–ശിൽപ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനിടെ ശിൽപ പ്രൊദ്ദത്തൂർ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജമ്മലമടുഗു സ്വദേശിയായ നാഗസുധീറുമായി പരിചയത്തിലായി. വിവാഹിതനായ നാഗസുധീറുമായുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറി. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഈശ്വർ റെഡ്ഡി പലതവണ ശിൽപയെ വിലക്കിയെങ്കിലും അവർ ബന്ധം തുടർന്നതായി പൊലീസ് പറഞ്ഞു.

ഭർത്താവ് ബന്ധത്തിന് തടസ്സമാണെന്ന് കരുതിയ ശിൽപ, നാഗസുധീറുമായി ചേർന്ന് ഈശ്വർ റെഡ്ഡിയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. ഗുണ്ടാനേതാവ് വിനയുമായി നാഗസുധീർ ബന്ധപ്പെട്ടു. വിനയ് വഴി സത്യസായി ജില്ലയിലെ ഹിന്ദുപുരിൽ നിന്നുള്ള സംഘത്തിന് ഈശ്വർ റെഡ്ഡിയെ കൊല്ലാൻ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി.