ജിദ്ദ: ‘അക്ഷരം’ വായനാ വേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹ ജാലകം തുറക്കുമ്പോൾ എന്ന പരിപാടി ജിദ്ദയിലെ കലാ സാഹിത്യ സംഗീത മാധ്യമ മേഖലകളിലുള്ള പ്രശസ്തരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ശറഫിയ്യ ഇംപീരിയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അനീസ് ഇരുമ്പുഴി ആമുഖ ഭാഷണം നടത്തി. കലുഷിതമായ വർത്തമാന സാഹചര്യത്തെ ഓരോരുത്തരുടെയും സർഗസിദ്ധിയിലൂടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാർഗമവലംബിച്ച് സമാധാന മുഖരിതമാക്കുകയെന്ന കാലഘട്ടത്തിന്റെ തേട്ടമാണ് പ്രബുദ്ധരായ ജനവിഭാഗമെന്ന നിലയിൽ ഓരോരുത്തരുടെയും ചുമതലയെന്ന് അദ്ദേഹം ഓർമപ്പെടുത്തി. അക്ഷരം കോഡിനേറ്റർ ശിഹാബ് കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. മൗനം വെടിഞ്ഞ് അനീതിക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സൃഷ്ടാവിന്റെ വിധിവിലക്കുകൾ പാലിച്ച് ജീവിക്കുന്ന മനുഷ്യർ ദൈവത്തോടുള്ള സ്നേഹത്തിൽ തുടങ്ങി അത് ലോകത്തുടനീളം വ്യാപിപ്പിക്കുകയാണ് വേണ്ടതെന്ന് ചർച്ചക്ക് തുടക്കം കുറിച്ച കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ഇസ്മാഈൽ മരുതേരി അഭിപ്രായപ്പെട്ടു.
നാസർ വെളിയങ്കോട്, ഹിഫ്സുറഹ്മാൻ, സലാഹ് കാരാടൻ, അബ്ദുല്ല മുക്കണ്ണി, ഷാജു അത്താണിക്കൽ, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഇബ്റാഹീം ഷംനാട്, മുസ്തഫ പെരുവള്ളൂർ, ഹംസ പൊന്മള, വേങ്ങര നാസർ, അരുവി മോങ്ങം, കബീർ കൊണ്ടോട്ടി, സക്കീന ഓമശ്ശേരി, നസീം സലാഹ്, റജിയ വീരാൻ, ശ്രീത അനിൽകുമാർ, ഹസീന തുടങ്ങിയവർ സംസാരിച്ചു. ജമാൽ പാഷ, ഇസ്മായിൽ, ഫർസാന യാസിർ തുടങ്ങിയവർ ഗാനമാലപിച്ചു.
നസീം സലാഹ്, അരുവി മോങ്ങം എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. മുസാഫിർ, ഷാജി ചെമ്മല, ഫൈസു മമ്പാട്, സൈഫുദ്ദീൻ വണ്ടൂർ എന്നിവരുടെ സ്നേഹ സന്ദേശം സദസ്സിന് കൈമാറി.
അബൂ താഹിർ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. നൗഷാദ് നിടോളി സമാപന പ്രസംഗം നടത്തി. ഷഹർബാൻ നൗഷാദ് സ്വാഗതവും തസ്ലീമ അഷ്റഫ് നന്ദിയും പറഞ്ഞു. സൈനുൽ ആബിദീൻ, റസാഖ് മാസ്റ്റർ, റുഖ്സാന മൂസ, സലിം വടക്കുമ്പാട്, സി. സലാം എന്നിവർ നേതൃത്വം നൽകി.




