കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ മനുഷ്യ വിസര്‍ജ്ജ്യം പുരട്ടിയ തുണികൊണ്ട് അജ്ഞാതന്‍ 19കാരിയെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പെണ്‍കുട്ടിയുടെ വീട്ടില്‍ക്കയറി അജ്ഞാതന്‍ ഉപദ്രവിച്ചതായാണ് പരാതി.
മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ച് ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതായാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. വ്യാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. താമരശ്ശേരി കാരാടി പാല്‍ സൊസൈറ്റിക്ക് സമീപം നേത്രാവതി എന്ന വാടക വീട്ടില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
ഗൃഹനാഥയും രണ്ട് പെണ്‍മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പെണ്‍കുട്ടികളില്‍ മൂത്തയാള്‍ ബേങ്ക് ജീവനക്കാരിയാണ്. ഇളയ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സംഭവം നടക്കുമ്പോള്‍ മാതാവും ഇളയ മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീട്ടിനകത്തേക്ക് അജ്ഞാതന്‍ അതിക്രമിച്ച് കയറുകയായിരുന്നു. പെണ്‍കുട്ടിയെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ തള്ളിമാറ്റുകയും പ്രതിരോധിക്കുകയും ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
വീടിന്റെ പിറകുവശത്തെ വാതിലിലൂടെയാണ് ഇയാള്‍ അകത്തെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.





