മഴ കനക്കുന്നു; ഖസീമിലും റിയാദിലെ വിവിധ ​ഗവർണറേറ്റുകളിലും ക്ലാസുകൾ ഇന്നും ഓൺലൈനിൽ

റിയാദ്: കനത്ത മഴയെത്തുടർന്നുള്ള സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിവിധ പ്രവിശ്യകളിൽ ഇന്നും ഓൺലൈൻ ക്ലാസ് തുടരും. ഖസീം പ്രവിശ്യയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റിയാദ് പ്രവിശ്യയിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലെ സ്കൂളുകൾക്കും ഇന്ന് നേരിട്ടുള്ള ക്ലാസ് ഉണ്ടായിരിക്കില്ല.

മദ്റസത്തീ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയായിരിക്കും ക്ലാസുകൾ നടക്കുക. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

റിയാദ് പ്രവിശ്യയിലെ സാദിഖ്, ഹുറൈമില, റുമാഹ്, ദുർമ, മറാത്ത്, ദവാദ്മി, സുൽഫി, മജ്മഅ്, അൽ ഗാത്ത്, ശഖ്‌റ, അഫീഫ്, അൽ റൈൻ, അൽ ഖുവയ്യ തുടങ്ങിയ ഗവർണറേറ്റുകളിലെ സ്കൂളുകൾക്കാണ് ഇത് ബാധകമാകുക. മഴ തുടരുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള ഇടങ്ങളിലും പോകരുതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ ജാ​ഗ്രതാ നിർദേശം തുടരും. ക്ലാസുകൾ നേരിട്ടാണോ, ഓൺലൈൻ വഴി ആണോ എന്നറിയാൻ ഔദ്യോ​ഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും അധികൃതർ നിർദേശിച്ചു.