താത്കാലിക വെടിനിര്‍ത്തല്‍ കരാറിനില്ലെന്ന് വ്യക്തമാക്കി ഇറാന്. ഇറാന്റെ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്സാദെയാണ് ഇക്കാര്യം അറിയിച്ചത്. അൻ്റാലിയ ഡിപ്ലോമസി ഫോറത്തില്‍ എത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള മന്ത്രിയുടെ പ്രതികരണം.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇറാന് അംഗീകരിക്കില്ലെന്നും മേഖലയിലുടനീളം യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നുമാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറില്‍ ‘ലെബനന് മുതല്‍ ചെങ്കടല്‍ വരെ’ നീളുന്ന എല്ലാ സംഘര്‍ഷ മേഖലകളും ഉള്‍പ്പെടണമെന്നും, ഇത് ഇറാന്റെ ‘റെഡ് ലൈന്‍’ (മറികടക്കാന്‍ പാടില്ലാത്ത പരിധി) ആണെന്നും ഖത്തീബ്സാദെ വ്യക്തമാക്കി.
അല്ലാതെയുള്ള ഒരു താല്‍ക്കാലിക വെടിനിര്‍ത്തലും അംഗീകരിക്കുന്നില്ല. സംഘര്‍ഷങ്ങളുടെ ചക്രം ഇതോടു കൂടി അവസാനിക്കണമെന്നും ഇറാന് മന്ത്രി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷത്തെ കുറിച്ചും ഖത്തീബ്സാദെ സംസാരിച്ചു.
ചരിത്രപരമായി തുറന്നു കിടക്കുന്ന ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാന്റെ അതിര്‍ത്തിക്കുള്ളിലാണെങ്കിലും എല്ലാ രാജ്യങ്ങളും ഇവിടെ പ്രവേശനമുണ്ടായിരുന്നു. മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം ഇസ്രയേലും യുഎസുമാണ്. ഇരു രാജ്യങ്ങളുടേയും പ്രവര്‍ത്തി ആഗോള വ്യാപാരത്തേയും സാമ്പത്തിക വ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യുഎസിന് അനുകൂലമായ രീതിയിലുള്ള കരാറിലേക്ക് ഇറാന് അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമാധാന കരാര്‍ ഉടന്‍ ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍, ഇതിനെ പരിഹസിച്ച് ഇറാന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ബ്രോഡ്കാസ്റ്റിങ് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകരോട് ഇറാനുമായി സമാധാന കരാറില്‍ ഉടന്‍ എത്തുമെന്ന് ട്രംപ് അവകാശപ്പെട്ടത്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയം യുഎസിന് കൈമാറാന്‍ സമ്മതിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.





