അവധിക്ക് പോയ മലയാളി വ്യവസായി യുവാവ് നാട്ടിൽ മരണപ്പെട്ടു

0
15

ദമാം: അവധിക്ക് പോയ മലയാളി വ്യവസായി യുവാവ് നാട്ടിൽ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം പൂവാട്ടുപറമ്പ് സ്വദേശിയും ജുബൈലിലെ വ്യവസായിയുമായ ശ്രീകുമാർ നായർ ആണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കിഴക്കൻ സഊദിയിലെ വ്യാവസായിക കേന്ദ്രമായ റസ്തനൂറയിൽ കമ്പനി നടത്തിവരികയായിരുന്ന ശ്രീകുമാർ ജൂബൈലിലെ സാംസ്കാരിക ഇടങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

പരേതയായ ലക്ഷ്മിയാണ് ഭാര്യ. അൽ മന ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന ലക്ഷ്മിയും ഒരു വർഷം മുമ്പ് ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഭർത്താവ് ശ്രീകുമാറിനും മകൾ ദേവികയ്ക്കുമൊപ്പം ഷോപ്പിങ്ങിന് പോയി മടങ്ങിയെത്തിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പുലർച്ചെയോടെ നില ഗുരുതരമാവുകയും മരണപ്പെടുകയുമായിരുന്നു. ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായ ഏക മകൾ ദേവികയാണ് മകൾ.

ശ്രീ കുമാർ നായരുടെ വിയോഗത്തിൽ ജുബൈൽ മലയാളി സമൂഹം അനുശോചനം രേഖപ്പെടുത്തി. ജുബൈൽ മലയാളി സമാജത്തിന്റെ സജീവ അംഗമായിരുന്ന ശ്രീകുമാർ, മലയാളി സമാജം വാട്ട്സ്ആപ്പ് ഗ്രൂപ്പിലും സജീവ സാന്നിധ്യമായിരുന്നുവെന്നും സൗഹൃദപരമായ അദ്ദേഹത്തിന്റെ ഇടപെടലുകളും സഹകരണ മനോഭാവവും എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും സിക്രട്ടറി ബൈജു അഞ്ചൽ അനുസ്മരിച്ചു.

ലക്ഷ്മിക്ക് വിട ചൊല്ലി സഊദി; ജുബൈലിൽ അന്തരിച്ച പത്തനംതിട്ട സ്വദേശിനിയുടെ സംസ്കാരം