തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ. നിതിൻ രാജ് കോളജിലെ പീഡനങ്ങളെക്കുറിച്ച് സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശം പുറത്ത്. കോളജിലെ അധ്യാപകൻ മകനെ ജാതി പറഞ്ഞും ‘പുഴുത്ത പട്ടി’ എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജൻ ആരോപിച്ചിരുന്നു.
സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെക്കുറിച്ചാണ് ഫോൺ സംഭാഷണം.
സംഭാഷണം ഇങ്ങനെ👇:
‘‘സ്റ്റാഫ് റൂമില്‍ നിന്നിറങ്ങി ഞാന്‍ കുറെ നടന്നിട്ടുണ്ട്. അതിന് ശേഷം കണ്ടപ്പോള്‍ യു ആര്‍ ആന്‍ ഇഡിയറ്റ് എന്ന് പറഞ്ഞു. സെയിം ടു യൂ എന്ന് ഞാനും പറഞ്ഞു. മുഖത്ത് നോക്കി തന്നെ പറഞ്ഞു. പിന്നെ കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമുണ്ടല്ലോ, നമ്മുടെ സ്റ്റാഫ് റൂം, എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. അവിടെക്കൊണ്ടിട്ട് എന്തൊക്കെയാ പറയുന്നത് എന്നറിയാമോ? എന്നോടു പറഞ്ഞു, നീ ഗേറ്റിന് പുറത്ത് ഇറങ്ങിയാല്‍ കൈയും കാലും വെട്ടും. നീ കയ്യില്ലാതെ പിന്നെ ജീവിക്കേണ്ടി വരും എന്നൊക്കെ. ഞാന്‍ പറഞ്ഞു… സാറേ അതൊന്ന് കാണണം എന്ന്. സംഗീത മാം എല്ലാം എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.
അപമാനം ഒരു പരിധി വരെ ഞാന്‍ ക്ഷമിച്ചു. ഒരുപാട് ക്ഷമിച്ചു. നിങ്ങൾ തന്നെ കണ്ടില്ലേ? ഞാനയാളുടെ ക്ലാസും ശ്രദ്ധിച്ച് അയാള്‍ പറയുന്ന കാര്യങ്ങളും നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്നെ ചുമ്മാ എഴുന്നേൽപ്പിച്ച് നിര്‍ത്തിയിട്ട് അമ്മയെയും കളിയാക്കി അമ്മയുടെ സര്‍ജറിയെയും കളിയാക്കി. അതിനു ശേഷം പറയുവാ, നിന്‍റെ മൂന്ന് മാര്‍ക്ക് കുറച്ചിട്ടുണ്ട്. പേരന്‍റ്സിന് പോയി സര്‍പ്രൈസായി കൊടുത്തേക്കാന്‍’’.





