‘ആളുകൾ ഓടിയെത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു..’: നാടിനെ കണ്ണീരിലാഴ്ത്തി ഒരു കുടുംബത്തിലെ 3 പേരുടെ മരണം

0
53
  • രാവിലെ വളയത്തേക്കുള്ള വീട്ടിലേക്ക് കൊണ്ടു പോകണമെന്നായിരുന്നു ഇസ മറിയം അവസാനമായി ഉപ്പൂപ്പ അമ്മതിനോട് ഫോണിൽ സംസാരിച്ചത്. കൂട്ടിയിരുന്നെങ്കിൽ വിയോഗം ഉണ്ടാകുമായിരുന്നില്ലെന്നു പറഞ്ഞ് അമ്മത് തേങ്ങി…..

നാദാപുരം: ഒരു കുടുംബത്തിലെ 3 പേരുടെ മുങ്ങി മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. വേവത്തെ അരീക്കുണ്ടിൽ ഹനീഫയുടെ മകൾ ഇസാമറിയം (8), മയ്യഴിപ്പുഴയിലെ പുതിയോട്ടിൽ താഴെ പാലത്തിനു സമീപം മുങ്ങിത്താഴ്ന്നതിനിടയിലാണ് ഹനീഫയുടെ സഹോദരൻ അൻസാറും ഭാര്യ സുഹാദയും പുഴയിലേക്കെടുത്തു ചാടി കുട്ടിയെ രക്ഷിക്കാനുള്ള ശ്രമിച്ചത്. മൂവരും മരിച്ചു. പുഴക്കടവിൽ അലക്കുകയായിരുന്ന തരുവണ സ്വദേശിനി സുഹാദയാണ് കുട്ടി മുങ്ങിയതറിഞ്ഞു പുഴയിലേക്ക് എടുത്തു ചാടിയത്.

സുഹാദയ്ക്കു പിന്നാലെ അൻസാറും പുഴയിലേക്കെടുത്തു ചാടിയെങ്കിലും ആരും പ്രതീക്ഷിക്കാത്ത ചുഴിയിൽ മൂവരും അകപ്പെടുകയായിരുന്നു. അപകട വിവരമറിഞ്ഞു നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് നാട്ടുകാർ കുതിച്ചെത്തി. എന്തിനും സന്നദ്ധരായി വാഹനങ്ങളുമായി കുതിച്ചെത്തിയവർക്കു മൂവരും മരിച്ചെന്ന ദുഃഖ വാർത്തയാണ് കേൾക്കാനായത്. പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ യാത്രയയപ്പ് സമ്മേളനവും ഇശൽ വിരുന്നും ഒരുക്കിയിരുന്നു. ഈ ചടങ്ങ് ഒഴിവാക്കി.

ചടങ്ങിനെത്തിയ എം.കെ.മുനീർ എംഎൽഎ, ഷാഫി പറമ്പിൽ എംപി, ഇ.കെ.വിജയൻ എംഎൽഎ എന്നിവരും യുഡിഎഫ് സ്ഥാനാർഥി കെ.എം.അഭിജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ അഹമ്മദ് പുന്നക്കൽ (ചെക്യാട്), വളപ്പിൽ കുഞ്ഞമ്മദ് (തൂണേരി), ബ്ലോക്ക് പഞ്ചായ ത്ത് അംഗം സൂപ്പി നരിക്കാട്ടേരി, നാദാപുരം മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, സിപിഎം സംസ്ഥാന സമിതി അംഗം പി.മോഹനൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, കെഎംസിസി നേതാക്കളായ കെ.പി.മുഹമ്മദ്, സാലി പുതുശ്ശേരി, ടി.കെ.അബ്ബാസ്, ഹസൻ ചാലിൽ തുടങ്ങിയവരും ആശുപത്രിയിൽ എത്തി. 3 പേരുടെയും ജനാസ നമസ്കാരം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം പാറക്കടവ് ജുമുഅത്ത് പള്ളിയിൽ നടക്കും. കബറടക്കവും ഇതേ പള്ളിയിലാണ്.

വളയത്തു പോകാനായില്ല, ഇസയെ മരണം വളഞ്ഞു 

നാദാപുരം: ഇന്നലെ രാവിലെ വളയത്തേക്കുള്ള വീട്ടിലേക്ക് കൊണ്ടു പോകണമെന്നായിരുന്നു ഇസ മറിയം അവസാനമായി ഉപ്പൂപ്പ അമ്മതിനോട് ഫോണിൽ സംസാരിച്ചത്. കൂട്ടിയിരുന്നെങ്കിൽ വിയോഗം ഉണ്ടാകുമായിരുന്നില്ലെന്നു പറഞ്ഞ് അമ്മത് തേങ്ങി. ഒരു കുടുംബത്തിലെ 3 പേരുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും ആകെ തളർത്തി. കുളിക്കാനും അലക്കാനും ഇറങ്ങിയ മയ്യഴിപ്പുഴ ഇവർക്ക് അന്യമല്ലായിരുന്നു. ഇസ മറിയം കയത്തിൽപ്പെട്ടപ്പോൾ ഒന്നും നോക്കാതെ സുഹാദ പുഴയിലേക്ക് ഇറങ്ങി. രണ്ടു പേരും മുങ്ങുന്നത് കണ്ടാണ് അൻസാറും ചാടിയത്. എന്നാൽ എല്ലാവരും ചെളിയിൽ അകപ്പെട്ടു. സംഭവം കണ്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു.

വേവത്ത് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹാദ, അൻസാറിന്റെ സഹോദര പുത്രി ഇസാമറിയം എന്നിവർ പുഴയിൽ മുങ്ങി മരിച്ചതറിഞ്ഞു, മൃതദേഹങ്ങൾ സൂക്ഷിച്ച നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിയ ജനക്കൂട്ടം.

പെൺകുട്ടിയടക്കം കുടുംബത്തിലെ 3 പേർ മയ്യഴിപ്പുഴയിൽ മുങ്ങിമരിച്ചു 

നാദാപുരം: മയ്യഴിപ്പുഴയിൽ പെൺകുട്ടിയടക്കം ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു. അരീക്കുണ്ടിൽ അൻസാർ(45), ഭാര്യ വയനാട് തരുവണ സ്വദേശിനി സുഹാദ(38), അൻസാറിന്റെ അനുജൻ ഹനീഫിന്റെ മകൾ ഇസ മറിയം (8) എന്നിവരാണ് മരിച്ചത്. ചെക്യാട് പഞ്ചായത്തിലെ പുളിയാവിൽ മയ്യഴിപ്പുഴയിലെ വേവം പുതിയോട്ടിൽ താഴെ ചേത്തക്കോട്ട് പാലത്തിനു സമീപം ഇന്നലെ വൈകിട്ട് നാലിനായിരുന്നു ദുരന്തം.

കുളിക്കാനിറങ്ങിയ ഇസ മറിയമാണ് ആദ്യം പുഴയിലെ ചെളിക്കയത്തിൽ മുങ്ങിയത്. സുഹാദ കുട്ടിയെ രക്ഷിക്കാൻ പുഴയിലേക്കു ചാടിയെങ്കിലും മുങ്ങിപ്പോയി. ഇവരെ രക്ഷിക്കാൻ സമീപത്തുള്ള വീട്ടിൽനിന്ന് ഓടിയെത്തിയ അൻസാറും പുഴയിൽ മുങ്ങിത്താഴ്ന്നു. ഓടിക്കൂടിയ നാട്ടുകാർ മൂവരെയും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.