നോ ഡീൽ! ചർച്ച പരാജയപ്പെട്ടതിൽ ആശങ്ക, ധൃതിയില്ലെന്ന് ഇറാൻ, പന്ത് യുഎസ് കോർട്ടിൽ

0
44
  • നോ ഡീൽ! ചർച്ച പരാജയപ്പെട്ടതിൽ ആശങ്ക, ധൃതിയില്ലെന്ന് ഇറാൻ, പന്ത് യുഎസ് കോർട്ടിൽ
  • അമേരിക്കൻ സംഘം പാകിസ്ഥാൻ വിട്ടു

വാഷിങ്ടൻ: പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ഇറാൻ–യുഎസ് ചർച്ചകൾ പരാജയപ്പെട്ടതോടെ സംഘർഷം രൂക്ഷമാകുമോയെന്ന ആശങ്ക ഉയരുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം, ആണവ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് തീരുമാനം ആകാത്തത്.  21 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷവും തീരുമാനമെത്താതെ ഇറാനും യുഎസും പിരിഞ്ഞതോടെ ഇരുവിഭാഗവും ആക്രമണം പുനരാരംഭിച്ചാൽ ഹോർമുസിലെ തടസം ഇനിയും നീളും. ഇത് ക്രൂഡ് ഓയിൽ വില കൂടാനും സ്വർണം, ഓഹരി എന്നിവ ഇടിയാനും കാരണമാകും. ഹോർമുസിൽ കപ്പലുകൾക്ക് ടോൾ പിരിവ് തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വിപണിയിൽ കൂടുതൽ ആഘാതങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്‍ധർ പറയുന്നു.

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്നാണ് ഇറാന്റെ വാദം. യുഎസ് ഇത് അംഗീകരിക്കുന്നില്ല. സൈനിക നീക്കത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. യുഎസ് പടക്കപ്പലുകൾ ഹോർമുസിന് അരികിലുണ്ട്. പിടിച്ചെടുക്കാനുള്ള സൈനിക നീക്കം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ച പരാജയപ്പെട്ടതോടെ ഇന്ധന പ്രതിസന്ധിയും തുടരും.

തുടർ ചർച്ചകൾ ഉണ്ടാകുമോയെന്ന് ഇതുവരെ വ്യക്തമല്ല. ചർച്ച നടത്താൻ ഇറാന് ഒരു ധൃതിയുമില്ലെന്നും പന്ത് അമേരിക്കയുടെ കോർട്ടിലാണെന്നും ഇറാൻ അധികൃതരെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘‘ചർച്ചയിൽ യുക്തിസഹമായ നിർദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ കാണേണ്ടത് ഇനി അമേരിക്കയുടെ ഉത്തരവാദിത്തമാണ്’’–ഇറാൻ അധികൃതർ പറയുന്നു.

യുദ്ധത്തിലെന്നപോലെ ചർച്ചകളിലും അമേരിക്കയ്ക്ക് കണക്കുകൂട്ടലുകൾ തെറ്റിയെന്ന് ഇറാൻ ആരോപിക്കുന്നു. യുക്തിസഹമായ ഒരു കരാറിന് അമേരിക്ക സമ്മതിക്കുന്നത് വരെ ഹോർമുസ് കടലിടുക്കിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് മുന്നറിയിപ്പും നൽകി. ഇറാനും അമേരിക്കയും പല വിഷയങ്ങളിലും ധാരണയിലെത്തിയിട്ടുണ്ടെന്നും പ്രധാനപ്പെട്ട രണ്ടു മൂന്നു കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. 40 ദിവസത്തെ യുദ്ധത്തിന് ശേഷമാണ് ചർച്ചകൾ നടന്നത്. ഒരു കൂടിക്കാഴ്ച കൊണ്ട് തന്നെ കരാറിലെത്താമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആദ്ദേഹം പറഞ്ഞു.