ഡൽഹി: ഡൽഹിയിലെ കുപ്രസിദ്ധ ലഹരി മാഫിയ തലൈവി ഒടുവിൽ പൊലീസ് പിടിയിൽ. ഡൽഹി പൊലീസിന്‍റെ രണ്ട് മാസം നീണ്ട വേട്ടക്കൊടുവിലാണ് ലഹരി റാണി പിടിയിലായത്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ച രണ്ടുമാസത്തെ തുടർച്ചയായ ഓപ്പറേഷനുശേഷം ഷഹ്ദാരയിൽ നിന്നാണ് മയക്കുമരുന്ന് രാജ്ഞി എന്നറിയപ്പെടുന്ന കുസുമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 200-ലധികം സിസിടിവി ക്യാമറകളും നൂറിലധികം മൊബൈൽ ഫോണുകളും പരിശോധിച്ചാണ് പൊലീസ് ഇവരെ വലയിലാക്കിയത്. ഒളിവിലായിരുന്ന കുസും ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കാൻ കുസും സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചിരുന്നില്ല. സാധാരണ ഫോണുകളും പുതിയ സിം കാർഡുകളും മാറി മാറി ഉപയോഗിച്ചാണ് പൊലീസിന്‍റെ നീക്കങ്ങളിൽ നിന്നും രക്ഷപ്പെട്ടത്.
ഷാഹ്ദരയിലേക്ക് കുസും എത്തുന്നു എന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വലവിരിക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഇവരെ കീഴ്പ്പെടുത്തി.
വലിയൊരു മയക്കുമരുന്ന് സാമ്രാജ്യത്തിന്‍റെ അധിപയാണ് കുസും എന്ന 54കാരി.ഡൽഹിയിലെ സുൽത്താൻപുരിയിൽ ഒരു ചെറുകിട മയക്കുമരുന്ന് വിൽപ്പനക്കാരിയായിട്ടായിരുന്നു കുസുമം തന്‍റെ ലഹരിയാത്ര ആരംഭിക്കുന്നത്. കാലക്രമേണ, അവർ സ്വന്തമായി ഒരു ശൃംഖല കെട്ടിപ്പടുത്തു, അത് ഡൽഹിക്ക് അപ്പുറത്തേക്ക് വളർന്നു, അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ഓരോ വര്‍ഷം കഴിയുന്തോറും കുസുമത്തിന്‍റെ സാമ്രാജ്യത്തിന്‍റെ വ്യാപ്തിയും സ്വാധീനവും വര്‍ധിച്ചുകൊണ്ടിരുന്നു.





