ഇന്ത്യക്കാരൻ 43 വർഷം ജയിലിൽ; നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് യുഎസ് ഇമിഗ്രേഷൻ

0
14

പെൻസിൽവേനിയ/വാഷിങ്‌ടൻ: ചെയ്യാത്ത കുറ്റത്തിന് 43 വർഷം ജയിലിൽ കഴിഞ്ഞ ഇന്ത്യൻ വംശജനായ സുബ്രഹ്മണ്യം ‘സുബു’ വേദത്തിന് (64) ഒടുവിൽ ആശ്വാസം. ജയിൽ ശിക്ഷയ്ക്ക് പിന്നാലെ നാടുകടത്തൽ ഭീഷണി നേരിട്ടിരുന്ന സുബ്രഹ്മണ്യത്തിന് അമേരിക്കയിൽ തന്നെ തുടരാമെന്ന് ഇമിഗ്രേഷൻ ജഡ്ജി വിധിച്ചു.

43 വർഷം ജയിലിൽ കഴിഞ്ഞ ശേഷം 2025 ഒക്ടോബറിലാണ് സുബ്രഹ്മണ്യം മോചിതനായത്. ഉടൻ തന്നെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) സുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഒൻപത് മാസം പ്രായമുള്ളപ്പോൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോയ സുബ്രഹ്മണ്യത്തെ നാടുകടത്താനായിരുന്നു ഐസിഇ ഉദ്യോഗസ്ഥരുടെ ശ്രമം.

സുബ്രഹ്മണ്യം പൊതുജനങ്ങൾക്ക് ഭീഷണിയല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് യുഎസ് ഇമിഗ്രേഷൻ ജഡ്ജി ആദം പനോപൗലോസ് പറഞ്ഞു. തടവുകാരിൽ സാക്ഷരത മെച്ചപ്പെടുത്താനുള്ള സുബ്രഹ്മണ്യത്തിന്റെ ശ്രമങ്ങളും, മരുമക്കൾ ഉൾപ്പെടെയുള്ള കുടുംബവുമായി പുലർത്തുന്ന അടുത്ത ബന്ധവും അമേരിക്കയിൽ തുടരാൻ അനുമതി നൽകുന്നതിന് കാരണമായി ജഡ്ജി വിലയിരുത്തി.

വിധി വന്നെങ്കിലും സുബ്രഹ്മണ്യത്തെ ഉടൻ ഐസിഇ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കില്ല. അദ്ദേഹവും അഭിഭാഷകനും ബോണ്ട് അപേക്ഷ സമർപ്പിക്കണം. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് (DHS) ഈ വിധിക്കെതിരെ മേയ് 4 വരെ അപ്പീൽ നൽകാം.

∙ ജീവപര്യന്തം തടവും കുറ്റവിമുക്തിയും
പെൻസിൽവേനിയ സ്വദേശിയായ സുബ്രഹ്മണ്യം സുബു വേദം, 1982ൽ 19 വയസ്സുകാരനായ തോമസ് കിസ്നറെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. 1983ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. നിരപരാധിത്വം തെളിയിക്കാൻ സുബ്രഹ്മണ്യം ശ്രമിച്ചെങ്കിലും എല്ലാ അപ്പീലുകളും നിരസിക്കപ്പെട്ടിരുന്നു.

2022ൽ കേസിൽ നിർണായക വഴിത്തിരിവുണ്ടായി. കിസ്നറുടെ തലയോട്ടിയിലെ വെടിയുണ്ടയുടെ മുറിവ്, കൊലപാതക ആയുധമാണെന്ന് കരുതിയിരുന്ന തോക്കിന്റെ വെടിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് പുതിയ തെളിവുകൾ തെളിയിച്ചു. ഇതോടെ പെൻസിൽവേനിയയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞ ശേഷം കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തികളിൽ ഒരാളായി സുബ്രഹ്മണ്യം മാറി.

ഇന്ത്യയിൽ ജനിച്ച സുബ്രഹ്മണ്യം ഒൻപത് മാസം പ്രായമുള്ളപ്പോഴാണ് അമേരിക്കയിലെത്തിയത്. ‘കൊലപാതകിയെന്ന് തെറ്റിധരിക്കപ്പെടുന്നതിന് മുൻപ്’ 1980കളിൽ ലഹരിമരുന്ന് കേസിൽ സുബ്രഹ്മണ്യത്തിനെതിരെ നാടുകടത്തൽ ഉത്തരവ് ഉണ്ടായിരുന്നുവെന്ന് ഐസിഇ പറയുന്നു. 19-ാം വയസ്സിൽ എൽഎസ്ഡി വിതരണം ചെയ്യാനുള്ള ഉദ്ദേശ്യം അദ്ദേഹം സമ്മതിച്ചിരുന്നുവെങ്കിലും, ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരുന്നതിനാൽ അന്ന് നാടുകടത്തിയില്ലെന്നും ഐസിഇ വ്യക്തമാക്കി.

അനുകൂല വിധി വന്നിട്ടും സുബ്രഹ്മണ്യത്തെ നാടുകടത്തണമെന്ന നിലപാടിലാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉറച്ചുനിൽക്കുന്നത്.