ഡൽഹി: ഉത്തർപ്രദേശിലെ മഥുരയിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ പത്ത് പേർക്ക് ദാരുണാന്ത്യം. യമുന നദിയിലാണ് ബോട്ടപകടം ഉണ്ടായത്. കാണാതായ നിരവധി പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. 22ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി.
ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച് യമുന നദിയിലൂടെ ഭക്തരുമായി പോയ ബോട്ട് നദിയിലെ പാലത്തിൽ ഇടിക്കുകയായിരുന്നു. 25-30 പേരോളം സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകളിൽ ഒന്നാണ് കേസി ഘട്ടിന് സമീപത്ത് വച്ചുണ്ടായ അപകടത്തിൽ പെട്ടത്. തുടർന്ന് ബോട്ട് മുങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
രക്ഷപ്പെടുത്തിയവരെ പ്രദേശത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ, പ്രാദേശിക മുങ്ങൽ വിദഗ്ധർ, ബോട്ട്മാൻമാർ എന്നിവരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമാണ് താനെന്ന് യോഗി എക്സിൽ കുറിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്താനും പരിക്കേറ്റവർക്ക് ശരിയായ വൈദ്യചികിത്സ ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.





