ലണ്ടൻ: മെയിൽ നടക്കുന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ നേട്ടവുമായി യുകെ മലയാളി മത്സര രംഗത്ത്. നിലവിൽ സ്പ്രൗസ്റ്റണിലെ ടൗൺ കൗൺസിലറും ജില്ലാ കൗൺസിലറുമായ ബിബിൻ ബേബി മെയ് 7-ന് നടക്കുന്ന കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിലാണ് ലേബർ പാർട്ടിക്ക് വേണ്ടി മത്സരിക്കുക. ലേബർ പാർട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ഈ മേഖലയിലെ വിശ്വാസ്യതയുള്ള സ്ഥാനാർഥികളിൽ ഒരാളായാണ് ബിബിനെ പാർട്ടി തിരഞ്ഞെടുത്തിരിക്കുന്നത്.
സ്പ്രൗസ്റ്റണിലെ ഇരുവാർഡുകളും നിലവിൽ ലേബർ പാർട്ടിയുടെ കൈവശമാണ്. ടൗൺ കൗൺസിലിലും ലേബറിന് വ്യക്തമായ ഭൂരിപക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ബിബിൻ ബേബിക്ക് ശക്തമായ നിലപാടാണ് നിലവിലുള്ളത്. പ്രാദേശിക തലത്തിൽ സ്ഥിരമായി പ്രവർത്തിക്കുകയും ജനങ്ങളുമായി നേരിട്ടുള്ള ബന്ധം പുലർത്തുകയും ചെയ്തതാണ് അദ്ദേഹത്തെ “സുരക്ഷിത സീറ്റ്” കൈവശം വച്ചിരിക്കുന്ന നേതാവായി മാറ്റിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇപ്പോൾ തന്നെ ടൗൺ കൗൺസിലറും ജില്ലാ കൗൺസിലറും ആയ ബിബിൻ ബേബി ഇത്തവണ വിജയിച്ചാൽ ടൗൺ, ജില്ലാ, കൗണ്ടി എന്നീ മൂന്ന് തലങ്ങളിലുമുള്ള ജനപ്രതിനിധിയായി ഒരേസമയം സേവനം അനുഷ്ഠിക്കുന്ന സ്പ്രൗസ്റ്റണിലെ ആദ്യ ഇന്ത്യൻ വംശജനായ വ്യക്തിയാകും. ബ്രിട്ടിഷ് പ്രാദേശിക രാഷ്ട്രീയരംഗത്ത് ഇത് ശ്രദ്ധേയമായ ഒരു ചരിത്ര നേട്ടമായി രേഖപ്പെടുത്തപ്പെടും.
പരിചയസമ്പന്നനായ ബിബിൻ ബേബി രണ്ട് ക്വാസി -ജുഡീഷ്യൽ കമ്മിറ്റികളിലെ അംഗമായും അവയിൽ ഒന്നിന്റെ വൈസ് ചെയർമാനായും പ്രവർത്തിക്കുന്നു. ഇതുകൂടാതെ മറ്റ് ചില കമ്മിറ്റികളിലും അംഗമായ ബിബിൻ നിയമപരവും നയപരവുമായ വിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്നതിലൂടെ ശ്രദ്ധേയനാണ്. കൂടാതെ പ്രാദേശിക ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് ഗവർണറായി സേവനം അനുഷ്ഠിച്ച അനുഭവവും ഉണ്ട്. കഴിഞ്ഞ വർഷമാണ് സ്റ്റാഫ് ഗവർണർ പദവിയിൽ നിന്ന് പിന്മാറിയത്.





