കുവൈത് സിറ്റി: കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ 9 നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി ജസീറ എയർവേയ്സ്. ഏപ്രിൽ 10 മുതൽ മേയ് 15 വരെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി കമ്പനി അറിയിച്ചു.
കോഴിക്കോട്, കണ്ണൂർ കൂടാതെ ലഖ്നൗ, മധുരൈ, മംഗളൂരു, തിരുച്ചിറപ്പള്ളി, വിജയവാഡ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് കുവൈത്തിലേക്കുമുള്ള എല്ലാ സർവീസുകളും ഈ കാലയളവിൽ റദ്ദാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
റദ്ദാക്കിയ വിമാനങ്ങളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് പൂർണ്ണമായ റീഫണ്ട് നൽകുമെന്നും, ട്രാവൽ ഏജന്റുകൾ വഴി ചെയ്ത ബുക്കിംഗുകളുടെ തുക ക്രെഡിറ്റ് ഷെല്ലായി മാറ്റിവെക്കുമെന്നും കമ്പനി അറിയിച്ചു. ജസീറ എയർവേയ്സ് സിഇഒ ബാരത്തൻ പസുപതി യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിച്ചു. നിയന്ത്രണാതീതമായ പ്രവർത്തന സാഹചര്യങ്ങളാണ് ഈ തീരുമാനത്തിന് കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സഊദിയിലെ ദമാം കേന്ദ്രമായി ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്കുള്ള സർവീസുകൾ തുടരുന്നതായി കമ്പനി അറിയിച്ചു. ജസീറ എയർവേയ്സിൽ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഷെഡ്യൂൾ പരിശോധിക്കണം എന്നും നിർദേശം നൽകി. റീഫണ്ടിനായി യാത്രക്കാർ ട്രാവൽ ഏജന്റുകളെയോ ബുക്കിംഗ് പ്ലാറ്റ്ഫോമുകളെയോ ബന്ധപ്പെടാം. ജസീറ എയർവേയ്സ് വെബ്സൈറ്റ് (jazeeraairways.com) അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ചെയ്ത ബുക്കിംഗുകൾക്ക് അതുവഴി തന്നെ റീഫണ്ട് ലഭിക്കും.




