നാട്ടിലെത്താൻ തടസമായി യുദ്ധം, പ്രവാസി വോട്ടുകൾ കുറയും

കോഴിക്കോട്: സംസ്ഥാന വികസനത്തിൽ വലിയ സംഭാവന നൽകുന്നവരാണ് പ്രവാസികൾ. സംസ്ഥാന ജിഡിപിയുടെ ഏകദേശം മൂന്നിലൊന്നും സംഭാവന ചെയ്യുന്നവർ. എന്നാൽ പ്രവാസി സമൂഹത്തിൽ നിന്ന് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിലെ പങ്കാളിത്തം കുറയുമെന്നത് ഏറെക്കുറെ ഉറപ്പായി.

പശ്ചിമേഷ്യൻ സംഘർഷവും പിന്നാലെയെത്തിയ വിമാനക്കൂലി നിരക്കുവർധനയും വിമാനങ്ങൾ വെട്ടിക്കുറച്ചതുമാണ് ഏറെ ആശയുണ്ടെങ്കിലും നാട്ടിലെത്തി തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുന്നതിൽ ഭൂരിപക്ഷം പ്രവാസികൾക്കും തടസമാകുന്നത്. ജനാധിപത്യത്തിന്റെ വിധിയെഴുത്തിൽ ഇത്തവണ പ്രവാസി വോട്ടർമാർ സൃഷ്ടിക്കുന്ന വിടവ് സംസ്ഥാനത്ത് വാശിയേറിയ മത്സരം നടക്കുന്ന ചില മണ്ഡലങ്ങളിലെങ്കിലും വിധിയെഴുത്തിൽ നിർണായകമാകും എന്നാണ് വിലയിരുത്തൽ.

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനു ശേഷം സംസ്ഥാനത്ത് 2,23,558 പ്രവാസി വോട്ടർമാരാണ് ഉളളത് – 1,90,090 പുരുഷന്മാരും 33,458 സ്ത്രീകളും 10 ട്രാൻസ്ജെൻഡറുകളും. ഇതിൽ ഭൂരിഭാഗവും കോഴിക്കോട് (57,679 വോട്ടർമാർ), കണ്ണൂർ (52,163), മലപ്പുറം (39,501), തൃശൂർ (22,249), കാസർകോട് (11,462) എന്നീ ജില്ലകളിലാണ്. വയനാട്- 2,129, പാലക്കാട്- 8,300, എറണാകുളം- 7,426, ഇടുക്കി – 404, കോട്ടയം-3,124, ആലപ്പുഴ-3,472, പത്തനംതിട്ട-3685, കൊല്ലം-6876, തിരുവനന്തപുരം-4,885 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.

ആയിരത്തോളം പ്രവാസിവോട്ടർമാരുള്ള 47 മണ്ഡലങ്ങൾ സംസ്ഥാനത്തുണ്ട്. ഇതിൽ പലയിടത്തും 2021 ൽ ചെറിയ ഭൂരിപക്ഷത്തിനാണ് ജയപരാജയങ്ങൾ നിർണയിച്ചത്. വിശദമായി വിലയിരുത്തുമ്പോൾ നേരിയ മാർജിനിൽ വിജയം നിർണയിച്ച പല മണ്ഡലങ്ങളിലും പ്രവാസി വോട്ടിന്റെ പ്രാധാന്യം വ്യക്തമാകും. 2011 ൽ 61 ശതമാനം പ്രവാസി വോട്ടർമാരും നാട്ടിലെത്തി വോട്ടു ചെയ്തെന്നാണ് കണക്കുകൾ.

കേരളത്തിൽ ആയിരത്തോളം പ്രവാസി വോട്ടുള്ള 47 മണ്ഡലങ്ങളാണ് ഉള്ളതെങ്കിലും വടക്കൻ കേരളത്തിൽ മഞ്ചേശ്വരം മുതൽ തിരുവമ്പാടി വരെയുള്ള 32 മണ്ഡലങ്ങളിലെ 27 മണ്ഡലങ്ങളിലും ഇതിൽ ഉൾപ്പെടും. ഏറ്റവുമധികം പ്രവാസി വോട്ടുള്ള കോഴിക്കോട് ജില്ലയിൽ കൂടുതൽ വോട്ടർമാരുള്ളത് കുറ്റ്യാടി മണ്ഡലത്തിലാണ് – 16,002 വോട്ട്. 2021 ൽ കുറ്റ്യാടി മണ്ഡലത്തിൽ സിപിഎമ്മിലെ കെ.പി.കുഞ്ഞമ്മദ്കുട്ടിയുടെ വിജയം വെറും 333 വോട്ടിനായിരുന്നു. ഇത് കൂട്ടിവായിക്കുമ്പോൾ വിധിയെഴുത്തിൽ ഓരോ പ്രവാസി വോട്ടിലെ വില വ്യക്തമാകും.