ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലേക്കുള്ള എല്ല വിമാന സർവീസുകളും മെയ് 31 വരെ നിർത്തലാക്കി എയർ ഇന്ത്യ. ന്യൂഡൽഹി-ടെൽ അവീവ് റൂട്ടിലെ വിമാന സർവീസുകളാണ് നിർത്തലാക്കിയത്.
ടെൽ അവീവ് റൂട്ടിലെ മിക്ക മുൻനിര വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവച്ചു. നിലവിൽ എൽ അൽ (El Al) ഉൾപ്പെടെയുള്ള ഇസ്രായേലി വിമാനക്കമ്പനികൾ മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്.
ജനുവരി 1ന് പുനരാരംഭിച്ച ഡൽഹി-ടെൽ അവീവ് നേരിട്ടുള്ള വിമാന സർവീസുകൾ ഫെബ്രുവരി 28ലെ ഇറാൻ ആക്രമണത്തിന് ശേഷം തടസ്സപ്പെട്ടു. ഇസ്രായേലിലുള്ള 40,000-ത്തിലധികം ഇന്ത്യക്കാർ ഇതോടെ കടുത്ത ആശങ്കയിലായി. തൊഴിൽപരമായ ആവശ്യങ്ങൾക്കോ സംഘർഷമേഖലയിൽ നിന്ന് നാട്ടിലേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് വിമാനമില്ലാത്തത് തിരിച്ചടിയായി.
ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്നവർ ലാൻഡ് ക്രോസിംഗുകൾ വഴി ജോർദാൻ അല്ലെങ്കിൽ ഈജിപ്ത് വഴി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ടെൽ അവീവിലെ ഇന്ത്യൻ മിഷൻ 24×7 അടിയന്തര ഹെൽപ്‌ലൈൻ തുറക്കുകയും വിപുലമായ രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിക്കുകയും ചെയ്തു. ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ ജെപി സിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യൻ തൊഴിലാളികളുമായും വിദ്യാർഥികളുമായും വെർച്വൽ ചർച്ചകൾ നടത്തി പിന്തുണ ഉറപ്പുനൽകി.
കഴിഞ്ഞ ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഗൾഫ് മേഖലയിലാകെ യുദ്ധം വ്യാപിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ വിതരണ ശൃംഖലയെയും (Energy supply chain) സംഘർഷം സാരമായി ബാധിച്ചിട്ടുണ്ട്.
…




