പെണ്‍കുഞ്ഞുങ്ങളുണ്ടായതിൽ നിരാശ; തെലങ്കാനയിൽ ഇരട്ടക്കുട്ടികളെ വിഷം കൊടുത്തതിന് ശേഷം കിണറ്റിലെറിഞ്ഞ് കൊന്ന് പിതാവ്

0
19

തെലങ്കാനയിൽ വിഷം നൽകിയ ശേഷം ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന് പിതാവ്. പെണ്‍കുഞ്ഞുങ്ങളുണ്ടായതിലുള്ള നിരാശയാണ് ഇരട്ടക്കുട്ടികളെ കൊലപ്പെടുത്താൻ കാരണം.അഞ്ച് വയസ് പ്രായമുള്ള ഗീതാൻശി, ഗീത നവിക എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക‍ഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിൽ അമ്മയില്ലാതിരുന്ന സമയത്താണ് ദാരുണമായ സംഭവം നടക്കുന്നത്.

രണ്ട് കുഞ്ഞുങ്ങളെയും ബൈക്കിൽ കൂട്ടിക്കൊണ്ട് പോയതിനുശേഷം നിർബന്ധിച്ച് വിഷം നൽകുകയും പിന്നീട് കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയുമായിരുന്നു. കുഞ്ഞുങ്ങളെ കാണാതായതിന് പിന്നാലെ പരിഭ്രാന്തയായ അമ്മ മൗനിക, അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നീണ്ട തിരച്ചിലിനൊടുവിൽ പെണ്‍കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പിതാവ് കച്ചു ശ്രീശൈലത്തെ നാട്ടുകാർ പിടികൂടുകയും കരിംനഗർ പൊലീസിലേൽപ്പിക്കുകയും ചെയ്തു.

പെണ്‍കുട്ടികളുണ്ടായിരുന്നതിൽ ശ്രീശൈലം നിരാശയിലായിരുന്നുവെന്നും കൗണ്‍സിലിങ്ങ് നൽകിയിരുന്നെങ്കിലും സ്വാഭാവത്തിൽ മാറ്റമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ കാര്യം പറഞ്ഞ് നിരന്തരം ഭാര്യയോട് വ‍ഴക്കിടുമായിരുന്നുവെന്ന് ബന്ധുക്കള്‍ കൂട്ടിച്ചേർത്തു. അതേസമയം, തെലങ്കാനയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ആണ്‍കുഞ്ഞിനെ വേണമെന്ന ആവശ്യത്താൽ ഗർഭിണിയെയും രണ്ട് പെണ്‍മക്കളെയും അച്ഛൻ സ്വിമ്മിങ്ങ് പൂളിൽ മുക്കിക്കൊന്നിരുന്നു.