ഭർതൃമാതാവിന് ഭക്ഷണത്തിൽ ഫിനോയിൽ കലക്കി: പണവും ആഭരണങ്ങളുമായി മുങ്ങി, ഒരു വർഷത്തിന് ശേഷം യുവതി പിടിയിൽ

ജയ്പൂർ: രാജസ്ഥാനിലെ അൽവാറിൽ നവവധു ഭർതൃമാതാവിന് ഭക്ഷണത്തിൽ ഫിനോയിൽ കലക്കി നൽകിയ ശേഷം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞു. രേഖ കൗർ എന്ന യുവതിയാണ് പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. 2025 ജൂണിലാണ് സംഭവം നടന്നത്. യുവതിയെ ഇപ്പോഴാണ് പൊലീസ് പിടികൂടുന്നത്.

അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു വിവാഹം. ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ലഭിച്ചെന്ന രേഖയുടെയും അവരുടെ അമ്മായി പിങ്കി കൗറിന്റെയും ഉറപ്പിൽ ദമ്പതികൾ കോടതി അംഗീകരിച്ച ലിവ് ഇൻ റിലേഷൻഷിപ്പ് കരാർ മെയ് 9ന് ഒപ്പുവെച്ചിരുന്നു. എന്നാൽ രേഖ ഇപ്പോഴും വിവാഹിതയാണ്. രണ്ട് കുട്ടികളും ഇവർക്കുണ്ട്.

വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴായിരുന്നു ഇവർ പണവും സ്വർണവുമായി മുങ്ങിയത്. ഭർതൃമാതാവിന് ഭക്ഷണത്തിൽ ഫിനോയിൽ കലക്കി നൽകുകയും ഇവർ ആശുപത്രിയിലാകുകയും ചെയ്തു. വീട്ടിലുള്ളവരെല്ലാം ആശുപത്രിയിലായിരുന്ന സമയം ഇവർ പണവും ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങളും മുപ്പതിനായിരം രൂപയുമാണ് ഇവർ മോഷ്ടിച്ചത്.