കുവൈത്തിലെ വൈദ്യുതി പ്ലാന്റിനു നേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ടെഹ്റാൻ: കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. 

കുവൈത്തിന്റെ വൈദ്യുതി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, രാജ്യത്തെ ഒരു പ്രധാന പ്ലാന്റിലെ സർവീസ് കെട്ടിടത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിനു വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. 

ആക്രമണത്തിനു പിന്നാലെ അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി. പ്ലാന്റിന്റെ പ്രവർത്തനം തടസ്സമില്ലാതെ തുടരാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒരു മാസം മുമ്പ് യുദ്ധം തുടങ്ങിയത് മുതൽ കുവൈത്ത് നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം കുവൈത്ത് വ്യോമാതിർത്തിയിൽ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയിരുന്നു. ഒരു സൈനിക ക്യാമ്പിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 10 സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു.

അതിനിടെ, അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായ യുദ്ധത്തിൽ നൽകുന്ന പിന്തുണയ്ക്ക് ഇറാഖിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി സന്ദേശം അയച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങളിൽ സ്വീകരിച്ച വ്യക്തമായ നിലപാടിനും രാജ്യത്തിനു നൽകുന്ന പിന്തുണയ്ക്കും ഇറാഖിലെ പരമോന്നത മതനേതൃത്വത്തോടും ജനങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചുവെന്ന് ഇസ്‌ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിലെ ഷിയാ പാർട്ടിയായ ഇസ്‌ലാമിക് സുപ്രീം കൗൺസിൽ ഓഫ് ഇറാഖ് പ്രതിനിധികളും ബാഗ്ദാദിലെ ഇറാനിയൻ അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ സന്ദേശം കൈമാറിയത്.

ബഹ്‌റൈനിൽ പുലർച്ചെ 3 തവണ ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. രാജ്യത്ത് രാത്രികാല കടൽയാത്രക്ക് നിരോധനം ഏർപ്പെടുത്തി. വൈകിട്ട് 6 മുതൽ പുലർച്ചെ 4 വരെയാണ് വിലക്ക്. മത്സ്യബന്ധനത്തിനുൾപ്പടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലും പുലർച്ചെ ശക്തമായ ആക്രമണം ഉണ്ടായി. തുടർ സ്ഫോടക ശബ്ദങ്ങൾ കേട്ടു. ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.