മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെതിരെ രംഗത്തെത്തിയ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തെ തളളി നാസര്‍ ഫൈസി കൂടത്തായി.
സ്ത്രീസംവരണ സീറ്റുകളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണെന്നും ജനറല്‍ സീറ്റുകളില്‍ മുസ്‌ലിം സ്ത്രീകള്‍ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
മതേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ ഇമേജ്, അവരെ മാറ്റി നിര്‍ത്തിയാല്‍ സ്ത്രീകള്‍ക്കിടയിലും പൊതുസമൂഹത്തിലും ചിലര്‍ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ചുകൊണ്ട് ലീഗ് സ്ത്രീകളെ ജനറല്‍ സീറ്റുകളില്‍ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ നേരത്തെ പറഞ്ഞത് കാലിക നിലപാടാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
രാഷ്ട്രീയ സമീപനത്തില്‍ സമദൂരം തരാതരം പ്രസ്താവിക്കുകയും നിര്‍ദേശങ്ങളും ഉപദേശങ്ങളും വിമര്‍ശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നതും രാഷ്ട്രീയ തിമിരമാണെന്ന് നാസര്‍ ഫൈസി പറഞ്ഞു. ‘ലീഗിനെ ഉപദേശിക്കാം. പക്ഷെ അത് ചേര്‍ന്ന് നില്‍ക്കുമ്പോള്‍. അല്ലെങ്കില്‍ ഉപദേശം എല്ലാ പാര്‍ട്ടികളോടും ഒരുപോലെ വേണം.
എല്ലാ പാര്‍ട്ടിയോടും സമീപനം ഒരുപോലെയാണെങ്കില്‍ ഉപദേശവും ശാസനയും അതുപോലെ മതിയാകും. ധാര്‍മ്മിക വിഷയങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് ലീഗിനെ ഉപദേശിക്കാം. അത് ലീഗിനോട് ചേര്‍ന്നുകൊണ്ടാവണം’: നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
ജനറല്‍ സീറ്റില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്ന് മുശാവറ അംഗം ഉമര്‍ഫൈസി മുക്കം പറഞ്ഞിരുന്നു. സമസ്തയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് ലീഗിന് നല്ലതെന്നും പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് പരിഗണന ലഭിച്ചെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ‘ഭരണത്തെ കുറിച്ച് പരാതികളില്ല.
കൂടുതല്‍ സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കിയ കാലഘട്ടത്തില്‍ അതിനെ കുറിച്ചുള്ള അഭിപ്രായം ലീഗിന്റെ അന്നത്തെ നേതാക്കള്‍ സമസ്തയോട് ചോദിച്ചിരുന്നു. സംവരണ സീറ്റില്‍ നിര്‍ബന്ധമായും സ്ത്രീകളെ നിര്‍ത്തണമെന്ന അവസ്ഥ വന്നത് കൊണ്ട് സ്ത്രീകളെ നിര്‍ത്താമെന്നും ജനറല്‍ സീറ്റുകളില്‍ അത് അനുവദിക്കേണ്ടതില്ലെന്ന മറുപടിയാണ് കൊടുത്തിട്ടുള്ളത്’എന്നാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്.





