കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ ക്വട്ടേഷൻ നൽകി കാെലപ്പെടുത്തി, ഒന്നരക്കൊല്ലത്തിനുശേഷം പിടിയിൽ

0
8
പ്രതീകാത്മക ചിത്രം (Photo: IANS)

മുംബൈ: കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയയാൾ പിടിയിൽ. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തി കെട്ടിത്തൂക്കി ആത്മഹത്യയായി ചിത്രീകരിച്ച കേസിൽ, ഒന്നരവർഷത്തിന് ശേഷമാണ് ഭർത്താവ് സകറാമും കൂട്ടാളികളായ മൂന്നുപേരും പോലീസ് പിടിയിലായത്.

മുംബൈയിൽ താമസിച്ചിരുന്ന സകാറാം, ഡിംപിൾ ചൗധരി എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. അവരോടൊപ്പം ജീവിക്കാൻ ഭാര്യ ഗീതാ ചൗധരിയെ കൊല്ലാൻ സകാറാം തീരുമാനിച്ചു. രണ്ടു തവണ ഗീതയെ കൊലപ്പെടുത്താൻ സകാറാം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഭാര്യയെ കൊല്ലാൻ 6.7 ലക്ഷം രൂപ പാരിതോഷികം നൽകി സുഹൃത്തിനെ ഏർപ്പാടാക്കി. ഇയാൾ രണ്ടുപേരുടെ സഹായത്തോടെ ഗീതയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യയാക്കാൻ മൃതദേഹം അടുക്കളയിലെ ഫാനിൽ കെട്ടിത്തൂക്കി. 2024 ഒക്ടോബർ 14-നാണ് ഗീതയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ, പോലീസ് ആത്മഹത്യയാണെന്ന് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നില്ല. തുടർന്ന്, അന്ത്യകർമങ്ങൾക്കായി മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോയി. പിന്നീട് ഗീതയുടെ പിതാവിന്റെ സംശയങ്ങളാണ് കേസ് പുതിയ വഴിത്തിരവിലെത്തിയത്.

മകളുടെ മരണം കൊലപാതകമാണെന്ന് സംശയിച്ച് പിതാവ് ഭനറാം ചൗധരി രാജസ്ഥാൻ പൊലീസിൽ പരാതിനൽകി. കേസ് പുനരന്വേഷിക്കാൻ നിരന്തരം സമ്മർദം ചെലുത്തിയതോടെ ഗീതയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. തുടർന്നാണ് ഗീതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സ്ഥിരീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സകാറാമിനെ ചോദ്യംചെയ്യുകയായിരുന്നു. നിരന്തരം പോലീസിനെ തെറ്റിദ്ധരിപ്പിച്ച സകറാം ഒടുവിൽ കുറ്റംസമ്മതിച്ചു. ഡിംപിൾ ചൗധരി എന്ന സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്നും അവളോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും സകാറാം വെളിപ്പെടുത്തി. തന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ഗീതയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. സകറാം ഭാര്യ ഗീതയെ ഇല്ലാതാക്കാൻ സുഹൃത്ത് ശങ്കർ ഡാങ്കിക്ക് 6.7 ലക്ഷം രൂപ നൽകി. ഡാങ്കി തന്റെ സഹായത്തിനായി രണ്ടുപേരെക്കൂടി ഏർപ്പാടാക്കി കൃത്യം നടപ്പാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.