കായംകുളം: എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുസ്ലിം ലീഗ് നേതാവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് നടപടി.
മുസ്ലിം ലീഗ് നേതാവായ എ ഇർഷാദിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. നേരത്തെ യുഡിഎഫ് മണ്ഡലം കൺവീനർ സ്ഥാനത്ത് നിന്നും ഇർഷാദിനെ നീക്കിയിരുന്നു.
കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി എം ലിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശവുമായി ഇർഷാദ് രംഗത്തെത്തിയത്. ‘എംഎൽഎ ആയിരുന്ന കാലത്ത് ഒരു പ്രവർത്തനങ്ങളും കാഴ്ച്ചവെച്ചില്ലെങ്കിലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വിൽപ്പനക്ക് വെച്ചുകൊണ്ടാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്’ എന്നായിരുന്നു ഇർഷാദിന്റെ പരാമർശം.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് ഇർഷാദിന്റെ അധിക്ഷേപ പരാമർശം. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുഡിഎഫ് പ്രതിരോധത്തിലായി. ഈ പരാമർശത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ടായിരുന്നു യു പ്രതിഭ പ്രതികരിച്ച്. ഒരു സ്ത്രീയോട് പോലും ഇത്തരത്തിൽ സംസാരിക്കരുതെന്നും, മാപ്പ് കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും അവർ പറഞ്ഞിരുന്നു.
‘ഇന്ദിര ഗാന്ധിയെ പോലുള്ള വനിത നേതാക്കൾ നയിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. സോണിയ ഗാന്ധിയെ പോലുള്ള വനിത നേതാക്കളെ ഉയർത്തിക്കാട്ടുന്ന പാർട്ടിയാണത്. വയനാട്ടിൽ വന്ന് മത്സരിച്ചത് പ്രിയങ്ക ഗാന്ധിയാണ്. അത്തരത്തിൽ സ്ത്രീകളാൽ നയിക്കപ്പെടുന്ന പാർട്ടിയുടെ നേതാവാണ് വളരെ മോശമായ പരാമർശം നടത്തിയത്. ഞാൻ ഞെട്ടിപ്പോയി. ഒരു തെരഞ്ഞെടുപ്പിലും എതിർ സ്ഥാനാർഥികൾക്കെതിരെ ഞാൻ പ്രസ്താവന നടത്തിയിട്ടില്ല. വ്യക്തിഹത്യയുടെ അങ്ങേയറ്റമാണിത്’ -പ്രതിഭ പറഞ്ഞു.
അതേസമയം പരാർശം തള്ളിക്കൊണ്ട് യുഡിഎഫ് സ്ഥാനാർഥി എം ലിജു രംഗത്തെത്തി. വ്യക്തിപരമായ വിമർശനങ്ങളോ ആക്ഷേപങ്ങളോ നടത്തേണ്ട ഇടമല്ല തെരഞ്ഞെടുപ്പ്. സ്ത്രീവിരുദ്ധമായ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും ലിജു വ്യക്തമാക്കി.





