റിയാദ്: സഊദിക്ക് പുറത്ത് നിന്ന് അബ്ഷിർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയില്ലെന്ന് അബ്ഷർ പ്ലാറ്റ്ഫോം വ്യക്തമാക്കി. രാജ്യത്തിന് പുറത്ത് നിന്ന് മൊബൈൽ നമ്പർ മാറ്റാനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി അബ്ഷർ അക്കൗണ്ടിന്റെ ഔദ്യോഗിക “ട്വിറ്ററിൽ” ആണ് ഇത് അറിയിച്ചത്.
“അബ്ഷിർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ രാജ്യത്തിന് പുറത്ത് നിന്ന് അപ്ഡേറ്റ് ചെയ്യാൻ കഴിയില്ല” അബ്ഷിർ പ്ലാറ്റ്ഫോം വ്യക്തമാക്കി.
ഇങ്ങനെ നമ്പർ മാറ്റേണ്ട ആവശ്യമുള്ളവർ സഊദിയിലെ ജവാസാത് സ്വയം സേവന മെഷീനുകളിലൊന്നിൽ (കിയോസ്ക്) നേരിട്ട് ഹാജരാകുകയോ ജവാസാത്, സിവിൽ സ്റ്റാറ്റസ് ആക്റ്റിവേഷൻ, രജിസ്ട്രേഷൻ സ്റ്റാഫിനെ സന്ദർശിക്കുകയോ ചെയ്യണമെന്നും അബ്ഷിർ വ്യക്തമാക്കി.
നിലവിൽ നാട്ടിലുള്ള നിരവധി പ്രവാസികൾക്ക് തങ്ങളുടെ അബ്ഷിറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നഷ്ടപ്പെടുകയോ കട്ടാകുകയോ ചെയ്തിട്ടുണ്ട്. ഇവർക്ക് ഇനി തിരിച്ചെത്തിയ ശേഷമേ നമ്പർ മാറ്റാൻ സാധിക്കുകയുള്ളൂ. ഇവർ സഊദിയിൽ എത്തിയ ശേഷം മുകളിൽ സൂചിപ്പിച്ച പോലെ അടുത്തുള്ള ഏതെങ്കിലും കിയോസ്ക് മെഷീനുകളിൽ എത്തി ഫിംഗർ നൽകി ആളെ സ്ഥിരീകരിച്ച ശേഷമാണ് പുതിയ നമ്പർ ചേർക്കാൻ സാധിക്കുക.




