പാലക്കാട്: ഒമാനിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി. റംലയ്ക്കായി തെരച്ചിൽ തുടരുകയാണ്.
ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു. യാത്രയ്ക്കിടെ രണ്ട് കുടുംബങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ നാല് കുട്ടികൾ ഉൾപ്പടെ ആറ് പേർ രക്ഷപ്പെട്ടു.
ഒമാനിൽ മിന്നൽ പ്രളയത്തെ തുടർന്ന് പല മേഖലകളിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മസ്‌കത്ത്, നഖാൽ, ബർക, സൗത്ത് അൽ ബത്തിന, മുസന്ദം, അൽ ദഖിലിയ എന്നിവിടങ്ങളിൽ ഈ മാസം 30 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.





