റിയാദ്: സഊദി അറേബ്യയുടെ ഔദ്യോഗിക ജീവകാരുണ്യ പ്ലാറ്റ്‌ഫോമായ ‘ഇഹ്‌സാൻ’ വഴി ഇത്തവണത്തെ റമദാനിൽ സമാഹരിച്ചത് 175.7 കോടിയിലധികം സഊദി റിയാൽ. ഭരണനേതൃത്വത്തിന്റെ കൂടെ സഹായത്തോടെയാണ് ആറാമത് ദേശീയ ചാരിറ്റി കാംപയിനിലൂടെ ഇത്രയും തുക സമാഹരിച്ചത്.
ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ സുതാര്യതയോടെ സഹായമെത്തിക്കാൻ ഇഹ്‌സാൻ വഴി സാധിച്ചു. അതോടൊപ്പം തന്നെ, ഇഹ്‌സാൻ എൻഡോവ്‌മെന്റ് ഫണ്ടിലേക്കുള്ള ആകെ സംഭാവന 200 കോടി റിയാൽ കവിഞ്ഞതായും അധികൃതർ അറിയിച്ചു. 2025ൽ മാത്രം 20 ശതമാനം വർദ്ധനവാണ് ഫണ്ടിന്റെ വളർച്ചാനിരക്കിൽ രേഖപ്പെടുത്തിയത്.
ഈ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവിഹിതമായി ലഭിച്ച 4.8 കോടിയിലധികം റിയാൽ രാജ്യത്തെ 2,400ലധികം ജീവകാരുണ്യ സംഘടനകളെ സഹായിക്കാനും വിനിയോഗിക്കുന്നുണ്ട്. സഊദി അറേബ്യയിലെ ചാരിറ്റി പ്രവർത്തനങ്ങളുടെ സുസ്ഥിരമായ വളർച്ച ഉറപ്പാക്കാൻ ഈ ഫണ്ട് വലിയ പങ്കാണ് വഹിക്കുന്നത്.





