കണ്ണൂർ: മണ്ഡലത്തിൽ കെ. സുധാകരനുയർത്തിയ പ്രതിസന്ധികൾക്കിടെ പ്രചാരണം ശക്തമാക്കാൻ സ്ഥാനാർഥി ടി.ഒ. മോഹനൻ. മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് നീക്കം.
കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നൽകാത്തതിൽ പ്രതിഷേധത്തിലുള്ള നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിർത്താനും ഡിസിസി യുടെ നേതൃത്വത്തിൽ ശ്രമം തുടരും. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കടന്നപ്പള്ളി സജീവ പ്രചാരണത്തിൽ മുന്നിലാണ്. ആദ്യഘട്ട എൻഡിഎ പട്ടികയിൽ തന്നെ പ്രഖ്യാപനം ഉണ്ടായതോടെ സി. രഘുനാഥും മണ്ഡലത്തിൽ സജീവ പ്രചാരണത്തിലാണ്.
ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവി പാർട്ടി തീരുമാനത്തിന് വഴങ്ങിയ കെ. സുധാകരൻ നാട്ടിൽ തിരിച്ചെത്തി. പുലർച്ചെ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കടുത്ത നിലപാടിൽ ഉറച്ച് നിന്ന സുധാകരൻ പാർട്ടിക്ക് വഴങ്ങുകയും പാർട്ടിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നു.
പട്ടിക പുറത്തിറങ്ങിയതോടെ പ്രചാരണത്തിൽ സജീവമാകാൻ സ്ഥാനാർഥികൾ; അതൃപ്തിയിലുള്ള നേതാക്കളുമായി കെപിസിസി അധ്യക്ഷൻ നേരിട്ട് സംസാരിച്ചേക്കും
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖാർഗെയുടെയും കർശന നിലപാടിന് മുന്നിലാണ് സുധാകരന് വഴങ്ങേണ്ടി വന്നത്. ഡൽഹിയിൽ തങ്ങി സമ്മർദ്ദം ചെലുത്തിയെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും നേതൃത്വം തയ്യാറായില്ല. വി.ഡി. സതീശൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ നിലപാടും സുധാകരന് തിരിച്ചടിയായി.





