ദുബൈ: ഗൾഫ് രാജ്യങ്ങളിലെ തന്ത്രപ്രധാനമായ എണ്ണ, പ്രകൃതിവാതക വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യാപക ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ. സഊദി അറേബ്യ, ഖത്തർ, യു എ ഇ, കുവൈത് രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെയാണ് ആക്രമണങ്ങൾ ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാതക പാടം ഇസ്റാഈൽ ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടി.
പടിഞ്ഞാറൻ സഊദി അറേബ്യയിലെ ചെങ്കടൽ തീരത്തുള്ള യാമ്പു നഗരത്തിലെ സാംറഫ് റിഫൈനറിയിൽ ഇന്ന് ഡ്രോൺ തകർന്നു വീണു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.
സഊദി അരാംകോയും എക്സോൺമൊബിലും തമ്മിലുള്ള സംയുക്ത സംരംഭമാണ് SAMREF റിഫൈനറി. ഇത് ചെങ്കടലിലെ യാൻബു തുറമുഖത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിനുപുറമെ യാമ്പു തുറമുഖം ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലിനെ സഊദി വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. യുദ്ധം ആരംഭിച്ച ശേഷം പടിഞ്ഞാറൻ സൗദിയിൽ ഇതാദ്യമായാണ് ആക്രമണമുണ്ടാകുന്നത്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനുശേഷം, യുഎഇയിലെ ഫുജൈറ തുറമുഖത്തിനൊപ്പം, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിക്കുള്ള രണ്ട് ഔട്ട്‌ലെറ്റുകളിൽ ഒന്നാണ് നിലവിൽ യാൻബു തുറമുഖം.
കഴിഞ്ഞ ദിവസം റിയാദിന് നേരെ എട്ട് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് നാല് ഏഷ്യൻ വംശജർക്ക് പരിക്കേൽക്കുകയും ഒരു റിഫൈനറിക്ക് സമീപം നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇന്ന് റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി ആറ് ഡ്രോണുകൾ കൂടി സൗദി സൈന്യം വെടിവെച്ചിട്ടു.
കുവൈത്
കുവൈത്തിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളിലും ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായി. മിന അബ്ദുല്ല റിഫൈനറിയിലെ ഒരു പ്രവർത്തന യൂണിറ്റിൽ ഇന്ന് രാവിലെ ഡ്രോൺ പതിച്ചതോടെയാണ് തീപിടുത്തമുണ്ടായത്. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (കെ.പി.സി) ദ്രുത പ്രതികരണ സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സമാനമായ രീതിയിൽ മിന അൽ അഹ്‌മദി റിഫൈനറിയിലും ഡ്രോൺ ആക്രമണവും അഗ്നിബാധയുമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും കമ്പനി അറിയിച്ചു.
യു എ ഇ
യുഎഇയിലെ ഗ്യാസ് പ്ലാന്റുകളെ ലക്ഷ്യമിട്ടും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണശ്രമങ്ങളുണ്ടായി. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റ്, ബാബ് ഗ്യാസ് ഫീൽഡ് എന്നിവിടങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും എത്തിയതിനെത്തുടർന്ന് ഇവിടുത്തെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. മിക്ക മിസൈലുകളെയും ലക്ഷ്യത്തിലെത്തും മുൻപേ യുഎഇ പ്രതിരോധ സംവിധാനം തകർത്തുവെങ്കിലും, ചിതറിത്തെറിച്ച ശകലങ്ങൾ വീണ് ചിലയിടങ്ങളിൽ ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
ഖത്തർ
ഖത്തറിലെ ദ്രവീകൃത പ്രകൃതി വാതക (LNG) പ്ലാന്റുകൾക്ക് നേരെയും ഇന്ന് പുലർച്ചെ മിസൈൽ ആക്രമണമുണ്ടായി. 2026 മാർച്ച് 18 ബുധനാഴ്ച റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗ്യാസ്-ടു-ലിക്വിഡ് പ്ലാന്റിന് സാരമായ കേടുപാടുകൾ സംഭവിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നിടങ്ങളിലുണ്ടായ തീപിടുത്തങ്ങളിൽ രണ്ടെണ്ണം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. സ്ഫോടകവസ്തു നിർമ്മാർജ്ജന യൂണിറ്റ് സ്ഥലത്തെത്തി പരിശോധനകൾ തുടരുകയാണ്. ആക്രമണങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ പ്ലാന്റുകളിൽ തണുപ്പിക്കൽ പ്രക്രിയ (Cooling) നടന്നു വരികയാണെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
തെക്കന്‍ ഇറാനിലെ ബൂഷെഹറിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ഇസ്റാഈൽ ലക്ഷ്യമിട്ടതായി ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ഗള്‍ഫ് ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് പാര്‍സ് ഫീല്‍ഡ് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക പാടമാണ്. ഇറാനും ഖത്തറും ഇത് പങ്കിടുന്നു. ഖത്തറില്‍ ഇത് നോര്‍ത്ത് ഗ്യാസ് ഫീല്‍ഡ് എന്നാണ് അറിയപ്പെടുന്നത്. ഇറാന്റെ വാതക ഉല്‍പാദനത്തിന്റെ ഒരു മൂലക്കല്ലാണ് ഈ ഗ്യാസ് ഫീല്‍ഡ്.
ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ
ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സുസ്ഥിരത വീണ്ടെടുക്കുന്നതിനുമുള്ള ആദ്യപടിയായി ഇറാൻ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്ന് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സഊദിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച വൈകുന്നേരം റിയാദിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ കൺസൾട്ടേറ്റീവ് യോഗത്തിലാണ് ഈ ആഹ്വാനം ഉണ്ടായത്. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി യോഗത്തിൽ പങ്കെടുത്തു.
സഊദി അറേബ്യയ്ക്കും ബഹ്‌റൈനും പുറമെ യു.എ.ഇ, ഖത്തർ, കുവൈത്ത്, ഈജിപ്ത്, ജോർദാൻ, ലെബനൻ, സിറിയ, തുർക്കി, പാകിസ്താൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ സംബന്ധിച്ചു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളും യോഗം ചർച്ച ചെയ്തു.





