ഹോർമുസ്‌ കടലിടുക്ക്‌ അടച്ചതിന്റെ ഭാഗമായുണ്ടായ ഇന്ധനപ്രതിസന്ധി; നിയന്ത്രണം കടുപ്പിച്ച് രാജ്യങ്ങള്‍

0
15

വാഷിങ്‌ടൺ: യുഎസ്‌ – ഇസ്രയേൽ കടന്നാക്രമണത്തെ തുടർന്ന്‌ ഇറാൻ ഹോർമുസ്‌ കടലിടുക്ക്‌ അടച്ചതിന്റെ ഭാഗമായുണ്ടായ ഇന്ധനപ്രതിസന്ധി മറികടക്കാൻ കർശന നടപടികളുമായി തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍. ശ്രീലങ്ക, തായ്‌ലൻഡ്‌, ജപ്പാൻ‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശ്രീലങ്കയും ഫിലിപ്പീൻസും ഓഫീസുകളുടെ പ്രവൃത്തിദിവസങ്ങൾ ആഴ്‌ചയിൽ നാലായി കുറച്ചു.

ഇന്ധന വിതരണത്തിന് നാഷണൽ ഫ്യുവൽ പാസ് (ക്യൂആർ കോഡ്) സംവിധാനം ഏർപ്പെടുത്തി. തായ്‌ലൻഡും വിയത്‌നാമും ജീവനക്കാര്‍ക്ക് വർക്ക്‌ ഫ്രം ഹോം നിർദേശിച്ചു. മ്യാൻമറിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി. വിയത്‌നാമിൽ പൊതുഗതാഗത സംവിധാനങ്ങളും സൈക്കിളുകളും പരാമാവധി ഉപയോഗിച്ച്‌ ഇന്ധന ഉപയോഗം കുറയ്‌ക്കാനും നിർദേശമുണ്ട്‌.

ബംഗ്ലാദേശില്‍ ഇന്ധനം ലാഭിക്കാൻ റമദാൻ അവധി നേരത്തെയാക്കി. പവർ കട്ട് ഏർപ്പെടുത്തി.വരും ദിവസങ്ങളിൽ എണ്ണ പ്രതിസന്ധി രൂക്ഷമാകുമെന്ന്‌ യുഎസ്‌ എണ്ണകമ്പനികൾ ട്രംപ്‌ ഭരണകൂടത്തിന്‌ മുന്നറിയിപ്പ്‌ നൽകി. എണ്ണവില ബാരലിന് 87 ഡോളറിൽ നിന്ന് 99 ഡോളറിലേക്ക് കുതിച്ചുയർന്നു കഴിഞ്ഞെന്നും ഇത് 120 ഡോളർ വരെ എത്തിയേക്കാമെന്നും അമേരിക്കയിലെ മുൻനിര എണ്ണക്കമ്പനികളായ എക്സോൺ മൊബീൽ, ഷെവ്റോൺ, കൊണോക്കോ ഫിലിപ്‍സ് എന്നിവയുടെ സിഇഒമാർ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകർ അമേരിക്ക ആയതിനാൽ വില വർധന അമേരിക്കൻ കമ്പനികൾക്ക് ഗുണകരമാണെന്ന് ഡോണൾഡ് ട്രംപ്, എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ഹോർമുസ്‌ പിടിച്ചടക്കാൻ സഹായിക്കാത്ത നാറ്റോ രാജ്യങ്ങളെ ട്രംപ്‌ വിമർശിച്ച‍ു. “ഞങ്ങൾ അവരെ സംരക്ഷിക്കും, പക്ഷേ അവർ ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യില്ല, പ്രത്യേകിച്ച് ഒരു അത്യാവശ്യ സമയത്ത്, ഇത്രയും സൈനിക വിജയം നേടിയതിനാൽ, ഞങ്ങൾക്ക് ഇനി നാറ്റോ രാജ്യങ്ങളുടെ സഹായം ‘ആവശ്യമില്ല- – ട്രംപ്‌ സമ‍ൂഹമാധ്യമത്തിൽ കുറിച്ചു. ഇറാന്റെ സൈന്യത്തെയും നേതൃത്വത്തെയും നശിപ്പിച്ചതായും ട്രംപ്‌ അവകാശപ്പെട്ടു.