ചെന്നൈ: പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സർക്കാർ ഡോക്ടറെ ഊട്ടി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശ് ആണ് പിടിയിലായത്.
സർവകലാശാലാ അധികൃതരുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് മാർക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ വിദ്യാർഥിനിയെ സമീപിച്ചത്. തുടർന്ന് സ്വകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
ഹോട്ടൽ മുറിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കം ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും നിലവിൽ ആരും കൂടെ താമസമില്ലെന്ന് പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ ഇയാൾ മറ്റ് വിദ്യാർഥിനികളെയും കെണിയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.





