ജിദ്ദ – കേരള പൗരാവലിയുടെ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ജിദ്ദ: ജിദ്ദ – കേരള പൗരാവലി റിഹാബ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി. വ്രതശുദ്ധിയുടെ ആത്‍മാവ് ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ ശാക്‌തീകരത്തിന് വഴിയൊരുക്കുമെന്ന് റമദാൻ സന്ദേശം നല്‍കിയ ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി പറഞ്ഞു. റമദാനില്‍ നേടിയെടുക്കുന്ന ആത്മസംസ്‌കരണം തുടര്‍ന്നും നിലനിര്‍ത്തുമ്പോഴാണ് വ്രതാനുഷ്ഠാനം സാര്‍ഥകമാകുന്നതെന്നും ഈ തിരുത്തലിനുള്ള സന്ദേശമാണ് വിശുദ്ധമാസം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുതലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും കരുത്താണ് കേരള പൗരാവലിയെ പ്രസക്തമാക്കുന്നത്. ഗള്‍ഫിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങള്‍മൂലം പ്രവാസികള്‍ വിഷമകരമായ സമയത്തു കൂടിയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധികള്‍ എത്രയും വേഗം അവസാനിക്കട്ടെയെന്നാണ് പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പരിഛേദമായി അനുഭവപ്പെട്ട ഇഫ്താര്‍ സംഗമത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രവാസികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. സംഗമത്തിനെത്തിയവരെ ഹൃദ്യമായി വരവേറ്റ പൗരാവലി ഭാരവാഹികള്‍ ജാതി മത ഭേദമന്യേ മലയാളികളുടെ സംഗമമായി ഇഫ്താര്‍ വിരുന്നിനെ മാറ്റി. മികച്ച സംഘാടനം കൊണ്ടും അച്ചടക്കം കൊണ്ടും ചടങ്ങ് വേറിട്ടുനിന്നു.

പൗരാവലി പ്രതിനിധി സഭാംഗങ്ങള്‍, മത-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ബിസിനസ് സമൂഹം, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍നിന്നുള്ളവര്‍ പങ്കെടുത്ത പരിപാടി സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തൊരുമയുടേയും വേദിയായി. സ്വാദിഷ്ടമായ ഭക്ഷണം ചടങ്ങിന്റെ മാറ്റുകൂട്ടി.

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ഷരീഫ് അറയ്ക്കല്‍ നന്ദിയും പറഞ്ഞു. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു.

വീരാൻകുട്ടി കോയ്സ്സൻ, ജലീൽ കണ്ണമംഗലം, സി. എച് ബഷീർ, സലാഹ് കാരാടൻ, നസീർ വാവ കുഞ്ഞു, അലി തേക്കുതോട്, ഉണ്ണി തെക്കേടത്ത്, നൗഷാദ് ചാത്തല്ലൂർ, ഖാദർ ആലുവ, നവാസ് തങ്ങൾ, സമീർ നദ്‌വി, വേണുഗോപാൽ അന്തിക്കാട്, മിർസാ ഷരീഫ്, സുവിജ സത്യൻ, സോഫിയ സുനിൽ, റെമി ഹരീഷ്, സിമിമോൾ അബ്ദുൽ ഖാദർ, കുബ്ര ലത്തീഫ് തുടങ്ങിയവർ കമ്മ്യൂണിറ്റി ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.