സ്കൂളിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി; മരിച്ചത് പ്ലസ് വൺ വിദ്യാർഥി അഭിഗീത്

0
13

ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി. പ്ലസ് വൺ വിദ്യാർഥി അഭിഗീതിനെയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർഥിയെയും ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.

കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

“ഐ ഹേറ്റ് മൈ ലൈഫ്” എന്നാണ് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.